ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ്
|ഹൈദരാബാദില്‍ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ മൃഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു. ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾ കോവിഡ് പോസിറ്റീവായതിനു പിന്നാലെ ജയ്പുർ മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ജയ്പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിൽ മൂന്നു സിംഹവും മൂന്നു കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, പഞ്ചാബിലെയും ഉത്തർപ്രദേശിലെയും മൃഗശാലകളിൽനിന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ഐ.വി.ആർ.ഐ ജോയിന്‍റ് ഡയറക്ടർ കെ.പി. സിങ് പറഞ്ഞു. മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദ് മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മൃഗശാല അടച്ചിടുകയും ജീവനക്കാർ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച സിംഹങ്ങൾ സുഖം പ്രാപിച്ച് വരുന്നതായാണ് വിവരം.