India
4000 കോവിഡ് കെയര്‍ കോച്ചുകള്‍, 64,000 ബെഡുകള്‍; കരുതലുമായി ഇന്ത്യന്‍ റെയില്‍വെ 
India

4000 കോവിഡ് കെയര്‍ കോച്ചുകള്‍, 64,000 ബെഡുകള്‍; കരുതലുമായി ഇന്ത്യന്‍ റെയില്‍വെ 

Web Desk
|
27 April 2021 12:43 PM GMT

ഒമ്പത് സ്റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂണിറ്റുകൾ അധികാരികൾക്ക് കൈമാറി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വെയും. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 4000 കോവിഡ് കെയര്‍ കോച്ചുകളാണ് റെയില്‍വെ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 64,000 ബെഡുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനോടകം തന്നെ ഒമ്പത് സ്റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂണിറ്റുകൾ റെയിൽവെ അധികാരികൾക്ക് കൈമാറി. കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ട എണ്ണത്തനിനുസരിച്ച് കോച്ചുകൾ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പ്രാഥമികമായ കോവിഡ് കെയർ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ നാഗ്പൂര്‍, ഭോപാല്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് നല്‍കേണ്ട കോവിഡ് കെയര്‍ കോച്ചുകള്‍ റെയില്‍വെ സമാഹരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം ശക്തമായതിനു പിന്നാലെ രാജ്യത്തെ ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റെയില്‍വെയുടെ കരുതല്‍ കോവിഡ് പ്രതിരോധത്തില്‍ തീര്‍ച്ചയായും ഒരു കൈത്താങ്ങാണ്. കോവിഡിന്‍റെ ഒന്നാം തരംഗം രൂക്ഷമായ സമയത്തും റെയില്‍വെ, കോവിഡ് കെയര്‍ കോച്ചുകള്‍ സജ്ജമാക്കിയിരുന്നു.

Similar Posts