മകളുടെ കല്യാണമല്ല, ജീവനാണ് വലുത്; വിവാഹച്ചെലവിനായി മാറ്റിവച്ച രണ്ട് ലക്ഷം രൂപ ഓക്സിജന്‍ വാങ്ങാന്‍ സംഭാവന നല്‍കി കര്‍ഷകന്‍
|നീമച്ച് ജില്ലയിലെ ഗ്വാള്‍ ദേവിയന്‍ ഗ്രാമത്തിലെ കര്‍ഷകനായ ചമ്പലാല്‍ ഗുര്‍ജാര്‍ ആണ് മാതൃകയായത്
മനസ് തകര്‍ക്കുന്ന കോവിഡ് കാഴ്ചകള്‍ക്കിടയില്‍ ഇങ്ങനെയുള്ള ചില നല്ല മനുഷ്യരാണ് പ്രതീക്ഷകള്‍ തരുന്നത്. സ്വന്തം ആവശ്യങ്ങളെ അവഗണിച്ച് മറ്റുള്ളവരുടെ ദുഃഖങ്ങളെ കാണുന്നവര്‍. അത്തരത്തില്‍ പല നല്ല സംഭവങ്ങള്‍ക്കും ഈ കോവിഡ് കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഒരു കര്‍ഷകനും സ്വന്തം മകളുടെ കല്യാണത്തെക്കാള്‍ പ്രാധാന്യം കൊടുത്തത് നാട് അനുഭവിക്കുന്ന പ്രതിസന്ധിയില്‍ ചെറിയൊരു കൈത്താങ്ങാകാനാണ്. മകളുടെ കല്യാണം ഭംഗിയായി നടത്താന്‍ സൂക്ഷിച്ച് വച്ചിരുന്ന രണ്ടു ലക്ഷം രൂപ ഓക്സിജന്‍ വാങ്ങാന്‍ സംഭാവന നല്‍കിയിരിക്കുകയാണ് ഈ കര്‍ഷകന്‍.
നീമച്ച് ജില്ലയിലെ ഗ്വാള്‍ ദേവിയന്‍ ഗ്രാമത്തിലെ കര്‍ഷകനായ ചമ്പലാല്‍ ഗുര്‍ജാര്‍ ആണ് മാതൃകയായത്. ഞായറാഴ്ചയാണ് ചമ്പലാലിന്‍റെ മകളുടെ കല്യാണം. കല്യാണം ഭംഗിയായി നടത്താന്‍ വര്‍ഷങ്ങള്‍ കൊണ്ട് സ്വരൂക്കൂട്ടി വച്ചിരുന്ന പണമാണ് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ കൈമാറിയത്. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും രണ്ട് സിലിണ്ടര്‍ മെഡിക്കല്‍ ഓക്‌സിജന്‍ വാങ്ങുന്നതിന് വേണ്ടിയാണ് രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
കോവിഡ് രോഗം പിടിപെട്ട് രോഗികള്‍ വലയുന്ന അവസ്ഥയാണ് കര്‍ഷകനെ പണം കൈമാറാന്‍ പ്രേരിപ്പിച്ചത്. മകളുടെ കല്യാണം അവിസ്മരണീയമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് പണം സംഭാവന നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്‍റെ ആഗ്രഹത്തിന് മകളും പിന്തുണ നല്‍കി. ഇപ്പോള്‍ ചമ്പലാലിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാര്‍.