ദേശീയപാതയിൽ കടുവക്കുട്ടി ചത്ത നിലയിൽ
|12 മാസം പ്രായമുള്ള പെൺകടുവയാണ് ചത്തത്
മധ്യപ്രദേശിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കടുവ ചത്തു. 12 മാസം പ്രായമുള്ള പെൺകടുവയാണ് ചത്തത്. വെള്ളിയാഴ്ച പുലർച്ചെ ഉമരിയ ജില്ല ആസ്ഥാനത്തുനിന്ന് കിലോമീറ്റർ അകലെ ദേശീയപാത 43ലാണ് സംഭവം. അജ്ഞതാ വാഹനം കടുവയെ ഇടിക്കുകയായിരുന്നുവെന്ന് ഉമരിയ ഫോറസ്റ്റ് ഡിവിഷനിലെ ഗുൻഗുട്ടി റേഞ്ച് അധികൃതർ പറഞ്ഞു.
പ്രദേശത്ത് കുറഞ്ഞകാലത്തിനുള്ളിലെ രണ്ടാമത്തെ സംഭവമാണിത്. വാഹനങ്ങൾ കയറി കടുവയുടെ മൃതദേഹം വികൃതമായിട്ടുണ്ടെന്നും ഫോറസ്റ്റ് ഓഫിസർ മോഹിത് സൂഡ് പറഞ്ഞു.ഫോറൻസിക് പരിശോധന നടത്തിവരികയാണ്. ഇത് ബന്ദവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നും ഫോറസ്റ്റ് ഓഫിസർ വ്യക്തമാക്കി.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്പീഡ് ബ്രേക്കറുകൾ നിർമിക്കാൻ ദേശീയപാത അതോറിറ്റിയോടും ആവശ്യശപ്പെട്ടിട്ടുണ്ട്.