India
കോവിഡ് മുക്ത ഗ്രാമത്തിന് 50 ലക്ഷം സമ്മാനം; മത്സരവുമായി മഹാരാഷ്ട്ര
India

കോവിഡ് മുക്ത ഗ്രാമത്തിന് 50 ലക്ഷം സമ്മാനം; മത്സരവുമായി മഹാരാഷ്ട്ര

Web Desk
|
2 Jun 2021 2:33 PM GMT

ഓരോ റവന്യൂ ഡിവിഷനിലും കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളെയാണ് വിജയികളായി പ്രഖ്യാപിക്കുക.

ഗ്രാമപ്രദേശങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ നടപടിയുമായി മഹാരാഷ്ട്ര. 'കോവിഡ് മുക്ത ഗ്രാമം' എന്ന പേരില്‍ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം. ഗ്രാമപ്രദേശങ്ങളെ കോവിഡ് മുക്തമാക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് മത്സരം നടത്തുന്നത്.

ഓരോ റവന്യൂ ഡിവിഷനിലും കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളെയാണ് വിജയിയായി പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം 50 ലക്ഷവും രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷവുമായിരിക്കുമെന്ന് ഗ്രാമവികസന മന്ത്രി ഹസൻ മുഷ്‌റിഫ് പ്രസ്താവനയിൽ വ്യക്തമാക്കി. സമ്മാനത്തുകയ്ക്ക് പുറമെ വിജയിക്കുന്ന പഞ്ചായത്തുകള്‍ക്ക് പ്രോത്സാഹനമായി അധിക തുകയും നല്‍കും. ഇത് അതത് ഗ്രാമപഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

22ഓളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും വിജയിയെ തെരഞ്ഞെടുക്കുന്നത്. ഇതിനായി പ്രത്യേകം കമ്മിറ്റിയെയും ചുമതലപ്പെടുത്തും. സംസ്ഥാനത്തെ നഗരങ്ങളിൽ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ വർധനയുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,169 പുതിയ കേസുകളും 285 മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Similar Posts