മമതയുടെ പ്രചാരണം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
|ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8 വരെ പ്രചാരണം നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8 വരെ പ്രചാരണം നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം.
പെരുമാറ്റച്ചട്ടം ലംഘിച്ച് സാമുദായിക വികാരങ്ങൾ ചൂഷണം ചെയ്ത് മമത പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ദുഷ്ടശക്തികളുടെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന് മമത പ്രചാരണത്തിനിടെ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ഒരു പരാതി.
കേന്ദ്രസേനക്കെതിരെ മമത നടത്തിയ പ്രചാരണവും വിലക്കിന് കാരണമായി. കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്നാണ് മമത ആവശ്യപ്പെട്ടത്. മമതയുടെ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ശരിയല്ലെന്നായിരുന്നു മമതയുടെ പ്രതികരണം. നാളെ കൊല്‍ക്കത്തയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ ഇരിക്കുമെന്നും മമത വ്യക്തമാക്കി.