''1996ലെ വി എസിനെ മാതൃകയാക്കണമായിരുന്നു മമത'': സുവേന്ദു അധികാരി
|ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മന്ത്രിമാരെ നാരദ കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തിട്ടും താങ്കൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും സുവേന്ദു മറുപടി പറഞ്ഞു
ധാർമികതയെ മുൻനിർത്തി മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സുവേന്ദു അധികാരി. അവരുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ടാകാം, പക്ഷെ അവരെ നന്ദിഗ്രാമിലെ ജനങ്ങൾ തിരസ്കരിച്ചു. 1996-ൽ കേരളത്തിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ പരാജയപ്പെടുകയുണ്ടായി. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ല. ആ മാതൃക മമതയും പിന്തുടരണമായിരുന്നെന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബി.ജെ.പിക്ക് ബംഗാളിൽ വിജയിക്കാൻ കഴിയാഞ്ഞതിന്റെ കാരണമായി സുവേന്ദുവിന്റെ മറുപടി ഇങ്ങനെ "ഞാൻ ഡൽഹിയിലേക്ക് പോയി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിക്കും. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രായോഗിക അനുഭവങ്ങൾ പാർട്ടി സംവിധാനത്തിനകത്ത് പങ്കുവെയ്ക്കും. അത് മാധ്യമങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല."
ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മന്ത്രിമാരെ നാരദ കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തിട്ടും താങ്കൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് '' ഈ വിഷയത്തെക്കുറിച്ച് ഞാൻ സംസാരിക്കാൻ തയ്യാറല്ല. ജുഡീഷ്യൽ പരിഗണനയിലുള്ള വിഷയമാണത്. ഈ നടപടി ഉണ്ടായ സമയത്തെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്താണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു ഈ നടപടി ഉണ്ടായതെങ്കിൽ അത് ഒരു പാർട്ടിയുടെ താത്പര്യത്തിന് അനുകൂലമായി സ്വീകരിച്ചതാണെന്ന് ആരോപിക്കാമായിരുന്നു. നിയമം അതിന്റെ വഴിയ്ക്ക് നീങ്ങുന്നു എന്ന് മാത്രമേയുള്ളൂ'' എന്നായിരുന്നു സുവേന്ദുവിന്റെ മറുപടി.