India
മമത പണി തുടങ്ങി; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
India

മമത പണി തുടങ്ങി; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

Web Desk
|
6 May 2021 5:47 AM GMT

ഡിജിപി ചുമതലയില്‍ നിന്നും നീക്കം ചെയ്ത ഡി.ജി വീരേന്ദ്രയെ ആ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു

അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി മമത ബാനര്‍ജി. ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി സ്ഥാനത്ത് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥരടക്കം 29 പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു.

ഡിജിപി ചുമതലയില്‍ നിന്നും നീക്കം ചെയ്ത ഡി.ജി വീരേന്ദ്രയെ ആ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. ഫെബ്രുവരി 27ന് (എഡിജി ലോ ആന്റ് ഓർഡർ) അഗ്നി രക്ഷാ വകുപ്പിലേക്ക് മാറ്റിയ ജാവേദ് ഷമീമിനെയും സസ്പെന്‍ഷനിലായിരുന്ന ഡയറക്ടര്‍ സെക്യൂരിറ്റി വിവേക് സഹായിയെയും തല്‍സ്ഥാനത്തേക്ക് തന്നെ നിയമിച്ചതായി ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.

ഏപ്രിൽ 10 ന് സിതാൽകുച്ചി നിയോജകമണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിനിടെ സിഐഎസ്എഫ് വെടിവെപ്പില്‍ നാല് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കൂച്ച് ബെഹാർ എസ്.പി ദേബാഷിസ് ധറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ സി.ഐ.ഡി അന്വേഷണത്തിനും മമത ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് എ.ഡി.ജി സെക്യൂരിറ്റിയായി പ്രവർത്തിച്ചിരുന്ന ഗ്യാൻവന്ത് സിങ്ങിന് പഴയ സ്ഥാനം തിരികെ ലഭിച്ചു. സായുധ പൊലീസിന്‍റെ എ.ഡി.ജിയുടെയും ഐ.ജി.പിയുടെയും അധിക ചുമതല അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. സഞ്ജയ് സിങ്ങിനെ വെസ്റ്റേൺ റേഞ്ചിലെ എ.ഡി.ജിയും ഐ.ജിയും ആയി നിയമിച്ചു.

പൊലീസിന്‍റെ കാര്യക്ഷമതയില്ലായ്മയില്‍ താന്‍ അസന്തുഷ്ടയാണെന്ന് മമത സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭരണം എന്‍റെ നിയന്ത്രണത്തിലായിരുന്നില്ല. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയന്ത്രണത്തിലായിരുന്നു. അതിന്‍റെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മമത പറഞ്ഞു.

Similar Posts