മിഠായി വാങ്ങാന്‍ പോകുന്നതാ സാറെ; ലോക്ഡൌണില്‍ വൈറലായി ഒരു വീഡിയോ
|ലോക്ഡൌണാണെങ്കിലും പശ്ചിമ ബംഗാളില്‍ സ്വീറ്റ് ഷോപ്പുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുറക്കാം
എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ലോക്ഡൌണില്‍ പുറത്തിറങ്ങുന്നവര്‍ കുറവല്ല. അതിപ്പോള്‍ കേരളത്തിലായാലും മറ്റെവിടെയായാലും. ചിലര്‍ പൊലീസുകാര്‍ക്ക് തലവേദനയാകുമെങ്കിലും മറ്റ് ചിലരുടെ കാരണം കേട്ടാല്‍ ഏത് പൊലീസ് പോലും പൊട്ടിച്ചിരിച്ചു പോകും. അത്തരത്തിലൊരു വീഡിയേയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അങ്ങ് ബംഗാളിലെ ലോക്ഡൌണ്‍ കാഴ്ചയാണിത്.
ലോക്ഡൌണാണെങ്കിലും പശ്ചിമ ബംഗാളില്‍ സ്വീറ്റ് ഷോപ്പുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുറക്കാം. മധുരപലഹാരങ്ങളില്ലാതെ ഒരു ദിവസം പോലും ബംഗാളുകാര്‍ക്ക് കഴിയാന്‍ സാധിക്കില്ലെന്നാണ് പൊതുവെ പറയുന്നത്. അങ്ങിനെ മിഠായി വാങ്ങാന്‍ പുറത്തിറങ്ങിയ ഒരാളുടെ കഥയാണിത്. ചന്ദാനഗര്‍ സ്റ്റാന്‍ഡിന് സമീപമാണ് സംഭവം നടന്നത്. ലോക്ഡൌണൊന്നും പ്രശ്നമല്ലെന്ന ഭാവത്തില്‍ കൂളായി ഒരാള്‍ നടന്നുപോകുന്നതു കണ്ടപ്പോള്‍ പൊലീസ് അയാളെ തടഞ്ഞു. അപ്പോള്‍ കഴുത്തിന് പിറകില്‍ തൂക്കിയിരുന്ന മിഠായി വാങ്ങാന്‍ പോവുകയാണെന്ന് എഴുതിയ ഒരു പ്ലക്കാര്‍ഡ് അയാള്‍ പൊലീസിനെ കാണിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പോകാന്‍ അനുവദിക്കുകയായിരുന്നു.
വീഡിയോ വളരെ വേഗം തന്നെ വൈറലാവുകയും ചെയ്തു. ഒരു പക്ഷെ പശ്ചിമബംഗാളില്‍ മാത്രമായിരിക്കും ഇത് സംഭവിക്കുകയെന്നായിരുന്നു ഒരാളുടെ കമന്‍റ്. മധുര പലഹാരങ്ങള്‍ ബംഗാളില്‍ അവശ്യ വസ്തുവാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
Only in #WestBengal: The note on the guy reads — 'Going to buy sweets.'#Lockdown pic.twitter.com/84a63DdWU2
— Ananya Bhattacharya (@ananya116) May 17, 2021