India
കോവിഡ് ബാധിച്ച് ബി.ജെ.പി നേതാവ് മരിച്ചു: ​ഗോമൂത്രം പോസ്റ്റുകളിട്ടവർക്കെതിരെ മണിപ്പൂരിൽ കേസ്
India

കോവിഡ് ബാധിച്ച് ബി.ജെ.പി നേതാവ് മരിച്ചു: ​ഗോമൂത്രം പോസ്റ്റുകളിട്ടവർക്കെതിരെ മണിപ്പൂരിൽ കേസ്

Web Desk
|
18 May 2021 7:45 AM GMT

കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും, പുറത്തിറങ്ങാനിരിക്കെ എന്‍.എസ്.എ ചുമത്തുകയായിരുന്നു.

ബി.ജെ.പി നേതാവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഗോമൂത്രത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെ കേസെടുത്ത് മണിപ്പൂര്‍ പൊലീസ്. മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാംഖേം, ആക്ടിവിസ്റ്റ് അര്‍ണോള്‍ഡ് ലീച്ചോംബാം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷ ആക്ട് പ്രകാരം കേസെടുത്തത്.

ബി.ജെ.പി മണിപ്പൂര്‍ അധ്യക്ഷന്‍ സൈഖോം തികേന്ദ്ര സിംങ് കോവിഡ് ബാധിച്ച് മരിച്ചതിനെ പരിഹസിച്ച് പോസ്റ്റിട്ടതിന് എതിരെ പാര്‍ട്ടി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.







ചാണകമോ, ഗോമൂത്രമോ കോവിഡ് സുഖപ്പെടുത്തില്ല. അതിന് ശാസ്ത്രവും വകതിരിവുമാണ് വേണ്ടത് എന്നായിരുന്നു ലീച്ചോംബാം പോസ്റ്റിട്ടത്. ഗോമൂത്രമോ, ചാണകമോ ഫലിച്ചില്ല, നാളെ ഞാന്‍ മീന്‍ തിന്നുനോക്കാം എന്നാണ് കിഷോര്‍ചന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചത്. ബി.ജെ.പി മണിപ്പൂര്‍ ഉപാധ്യക്ഷന്‍ ഉഷാം ദേബന്‍ സിങ്ങാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്.

കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും, പുറത്തിറങ്ങാനിരിക്കെ എന്‍.എസ്.എ ചുമത്തുകയായിരുന്നു. എന്നാല്‍ അറസ്റ്റിനെതിരെ വിമര്‍ശിച്ചുകൊണ്ട് കോടതി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ക്കെതിരെയും പൊലീസിന് സെക്ഷന്‍ 41 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാനാകില്ലെന്ന് പറഞ്ഞ കോടതി, സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടി. വിശദീകരണം നല്‍കാത്തപക്ഷം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.

കിഷോര്‍ചന്ദ്ര വാംഖേക്കെതിരെ നേരത്തെയും പൊലീസ് എന്‍.എസ്.എ ചുമത്തിയിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും ഫേസ്ബുക്ക് വീഡിയോ ഇട്ടതിന് 2018ലായിരുന്നു കേസെടുത്തത്.

Similar Posts