India
സംവരണ വിരുദ്ധ വിധി: കേരളത്തിനും തിരിച്ചടി- കോടതി പരിഗണിച്ചത് അഞ്ചു കാര്യങ്ങള്‍
India

സംവരണ വിരുദ്ധ വിധി: കേരളത്തിനും തിരിച്ചടി- കോടതി പരിഗണിച്ചത് അഞ്ചു കാര്യങ്ങള്‍

Web Desk
|
5 May 2021 9:17 AM GMT

അസാധാരണ സാഹചര്യത്തിൽ മാത്രമേ അമ്പത് ശതമാനത്തിന് പുറത്തുള്ള സംവരണം അനുവദിക്കാൻ കഴിയൂ എന്നാണ് സുപ്രിംകോടതി പറയുന്നത്. എന്നാല്‍ അസാധാരണ സാഹചര്യം ഏതാണ് എന്നതില്‍ കോടതി വ്യക്തമായി ഒന്നും പറയുന്നില്ല

ന്യൂഡൽഹി: മറാഠ സമുദായങ്ങൾക്ക് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകാനായി മഹാരാഷ്ട്ര സർക്കാർ കൊണ്ടു വന്ന നിയമം റദ്ദാക്കി സുപ്രീം കോടതി നടത്തിയത് സുപ്രധാനവിധി. സംവരണം അമ്പത് ശതമാനം പരിധി കടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. സംവരണം അമ്പത് ശതമാനം പരിധി കടക്കരുത് എന്ന 1992ലെ ഇന്ദിരാസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ബഞ്ച് വ്യക്തമാക്കി.

' മറാഠ സമുദായത്തിന് സംവരണം നൽകുന്ന 2018ലെ നിയമത്തിന് സംവരണത്തിലെ അമ്പത് ശതമാനം പരിധി മറികടക്കേണ്ട അസാധാരണ സാഹചര്യമില്ല' എന്നാണ് കോടതി നിരീക്ഷിച്ചത്. തുല്യത അനുശാസിക്കുന്ന, ഭരണഘടനയിലെ വകുപ്പ് 14, 15 എന്നിവയുടെ ലംഘനമാണ് നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി.

സംവരണവുമായി ബന്ധപ്പെട്ട ഗെയ്ക്‌വാദ് കമ്മിഷൻ റിപ്പോർട്ടും ബോംബെ ഹൈക്കോടതി വിധിയും സംവരണ പരിധി അമ്പത് ശതമാനം കടക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അസാധാരണ സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. കമ്മിഷന്റെ തീർപ്പുകൾ അസന്തുലിതമാണ്' - ബഞ്ച് വ്യക്തമാക്കി.

അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചിൽ എൽ നാഗേശ്വര റാവു, എസ് അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിരാണ് ഉണ്ടായിരുന്നത്. ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ബഞ്ച് ഏകകണ്‌ഠേനയാണ് തീരുമാനമെടുത്തത്.

102-ാം ഭരണഘടനാ ഭേദഗതിയിൽ ഭിന്നാഭിപ്രായം

സംവരണ നിയമത്തിന് പുറമേ, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗങ്ങൾ (എസ്ഇബിസി) ആരെല്ലാമാണെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കിയ 102-ാം ഭരണഘടനാ ഭേദഗതിയുടെ സാധുതയാണ് കോടതി പരിഗണിച്ച മറ്റൊരു വിഷയം. ഭരണഘടനയിലെ വകുപ്പ് 324 എയിലാണ് 102-ാം ഭരണഘടനാ ഭേദഗതി ഉൾപ്പെടുത്തിയിട്ടുള്ളത്.

വകുപ്പ്് പ്രകാരം സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. സംസ്ഥാന ഗവർണറുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് രാഷ്ട്രപതി ഇക്കാര്യത്തിൽ തീർപ്പിലെത്തേണ്ടത്. എസ്ഇബിസികളെ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം വകുപ്പ് എടുത്തു കളയുന്നുണ്ടോ എന്ന ചോദ്യമാണ് ബഞ്ചിന് മുമ്പാകെ ഉന്നയിക്കപ്പെട്ടത്.

ഭരണഘടനയുടെ 15(4), 16(4) വകുപ്പുകൾ പ്രകാരം 'ഏതു പിന്നാക്ക വിഭാഗവുമായി ബന്ധപ്പെട്ടും' നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ഇത് ഇല്ലാതാക്കുന്നതാണ് 102-ാം ഭേദഗതി. ഇത് ഫെഡറൽ തത്വത്തെ വെല്ലുവിളിക്കുന്നു എന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇന്ദിരാ സാഹ്നി കേസിൽ വിധി പ്രസ്താവിക്കുന്ന ഘട്ടത്തിൽ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാൽ ഇപ്പോൾ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള കാരണമാണ്. അതു കൊണ്ടു തന്നെ സംവരണം അമ്പത് ശതമാനം കടക്കാം- എന്നിങ്ങനെയായിരുന്നു കേരളം ഉയർത്തിയ വാദങ്ങൾ.

ഇക്കാര്യത്തിൽ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 342 എ വകുപ്പ്, പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതല്ല എന്നാണ് ഇവർ നിരീക്ഷിച്ചത്. എന്നാൽ 102-ാം ഭരണഘടനാ ഭേദഗതിയെ അംഗീകരിക്കുകയും ചെയ്തു. അതേസമയം, പ്രസിഡണ്ടിന് മാത്രമേ എസ്ഇബിസി വിഭാഗങ്ങളെ നിർണയിക്കാനും പട്ടികയിൽ വിജ്ഞാപനം ചെയ്യാനുമുള്ള അധികാരമുള്ളൂ എന്ന നിലപാടാണ് ജസ്റ്റിസുമാരായ റാവു, ഭട്ട്, ഗുപ്ത എന്നിവർ സ്വീകരിച്ചത്. സംസ്ഥാനങ്ങൾക്ക് നിർദേശം സമർപ്പിക്കാൻ മാത്രമേ അധികാരമുള്ളൂവെന്നും ഇവർ വ്യക്തമാക്കി. മൂവരും ഭേദഗതി ശരിവച്ചു.

കോടതി പരിഗണിച്ചത് അഞ്ചു കാര്യങ്ങൾ

2021 മാർച്ച് 15ന് ആരംഭിച്ച കേസിലെ അന്തിമവാദങ്U കോടതി പ്രധാനമായും അഞ്ചു കാര്യങ്ങളാണ് പരിഗണിച്ചത്. അവയിങ്ങനെ;

1- ഇന്ദിരാസാഹ്നി വിഎസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധി വിശാല ബഞ്ചിന് കൈമാറേണ്ടതുണ്ടോ? അല്ലെങ്കിൽ ഈയിടെയുണ്ടായ ഭരണഘടനാ ഭേദഗതികൾ, വിധികൾ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ?

2- 2018ൽ കൊണ്ടുവരികയും 2019ൽ ഭേദഗതി ചെയ്യുകയും ചെയ്ത, മറാഠ വിഭാഗക്കാർക്ക് 12-13 ശതമാനം സംവരണം നിർദേശിക്കുന്ന എസ്ഇബിസി ആക്ടിന് ഏതെങ്കിലും തരത്തിലുള്ള അസാധാരണ സാഹചര്യമുണ്ടോ?

3- ഭരണഘടനയിലെ 102-ാം ഭേദഗതി സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്നതാണോ?

4- ഭരണഘടനയിലെ വകുപ്പ് 15(4), 16(4) പ്രകാരം സംസ്ഥാനങ്ങൾക്ക് 'ഏതു പിന്നാക്ക വിഭാഗങ്ങളുമായി' ബന്ധപ്പെട്ടും നിയമമുണ്ടാക്കാൻ അധികാരമുണ്ട്. വകുപ്പ് 342 എ അത് പരിമിതപ്പെടുത്തുന്നതാണോ?

5- ഭരണഘടനയിലെ 342 എ വകുപ്പ് 'പൗരന്മാരുടെ പിന്നാക്കാവസ്ഥ' നിർണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കുന്നുണ്ടോ? ഇത് രാജ്യത്തിന്റെ ഫെഡറൽ നയത്തെയോ ഘടനയെയോ ബാധിക്കുന്നുണ്ടോ?

ഏതാണ് അസാധാരണ സാഹചര്യം?

അസാധാരണ സാഹചര്യത്തിൽ (exceptional circumstance ) മാത്രമേ അമ്പത് ശതമാനത്തിന് പുറത്തുള്ള സംവരണം അനുവദിക്കാൻ കഴിയൂ എന്നാണ് സുപ്രിംകോടതി മറ്റൊരർത്ഥത്തിൽ പറഞ്ഞുവയ്ക്കുന്നത്. ഏതാണ് അസാധാരണ സാഹചര്യം എന്നതിൽ കോടതി വ്യക്തമായി ഒന്നും പറയുന്നുമില്ല. അതേസമയം, സംവരണ പരിധി അമ്പത് ശതമാനമാക്കിയ ഇന്ദിരാസാഹ്നി വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല എന്നും കോടതി ഏകാഭിപ്രായത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നു.

തമിഴ്‌നാട്, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലേത് സമാനമായ പ്രത്യേക സംവരണമുണ്ട്. തമിഴ്‌നാട്ടിൽ 69 ശതമാനമാണ് മൊത്തം സംവരണം. തെലങ്കാനയിലും അമ്പത് ശതമാനത്തിന് മുകളിലാണ് സംവരണം. ഈ സംവരണങ്ങളും മറാഠ സംവരണ വിധിയോടെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ നേരത്തെ, സുപ്രിംകോടതി കേരളമടക്കം സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളം സംരവണ വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടാകണമെന്ന നിലപാടെടുത്തിരുന്നത്.

കേരളത്തിൽ നിലവിൽ അമ്പത് ശതമാനം സംവരണമാണുള്ളത്. പട്ടിക വിഭാഗത്തിനും പിന്നാക്ക സമുദായങ്ങൾക്കുമാണ് ഇതു നൽകുന്നത്. ഈയിടെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം നൽകാർ സർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഓപൺ ക്വാട്ടയിലെ ഒഴിവിൽ നിന്ന് പത്തു ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവയ്ക്കുക എന്നാണ് സർക്കാർ പറയുന്നത്.

Similar Posts