ഇത് പളനിവേൽ ത്യാഗരാജൻ; തമിഴ്നാട് മന്ത്രിസഭയിലെ സിങ്കം!
|മധുര സെൻട്രലിൽ നിന്നുള്ള എംഎൽഎയായ ഈ അമ്പത്തൊന്നുകാരൻ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലാണ് വ്യത്യസ്തനാകുന്നത്
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പൊതുവെ കണ്ടു വരുന്ന രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനാണ് സ്റ്റാലിൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. പളനിവേൽ ത്യാഗരാജൻ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും രാഷ്ട്രീയ പാരമ്പര്യവും. എന്നാൽ പളനിവേൽ ത്യാഗരാജനെ മന്ത്രിയാക്കിയത് അതൊന്നുമല്ല.
തമിഴ് രാഷ്ട്രീയത്തിൽ എത്തിപ്പെടുന്നവർക്ക് പൊതുവായ പലതുമുണ്ട് ത്യാഗരാജന്. പിതാവ് പളനിവേൽ രാജനും മുത്തച്ഛൻ പി.ടി രാജനും രാഷ്ട്രീയക്കാരായിരുന്നു. മുത്തച്ഛൻ പി.ടി രാജൻ മദ്രാസ് പ്രസിഡൻസിയിൽ മുഖ്യമന്ത്രിയായിരുന്നു. ജസ്റ്റിസ് പാർട്ടിയുടെ അവസാന പ്രസിഡന്റും.
മധുര സെൻട്രലിൽ നിന്നുള്ള എംഎൽഎയായ ഈ അമ്പത്തൊന്നുകാരൻ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലാണ് വ്യത്യസ്തനാകുന്നത്. ജന്മികുടുംബത്തിൽ ജനിച്ച ഇദ്ദേഹം ട്രിച്ചി എൻഐടിയിൽ നിന്നാണ് എൻജിനീയറിങ് ബിരുദമെടുത്തത്.
ന്യൂയോർക്ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഓപ്പറേഷൻ റിസേർച്ചിൽ മാസ്റ്റേഴ്സും അപ്ലൈഡ് കംപ്യൂട്ടേഴ്സിൽ പിഎച്ച്ഡിയും. പ്രസിദ്ധമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ഫിനാൻസിൽ എംബിഎ. നൊബേൽ പുരസ്കാര ജേതാവും ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രാങ്കോ മോദിഗിലിയാനി ത്യാഗരാജന്റെ അധ്യാപകനായിരുന്നു.
പഠന ശേഷം വിഖ്യാതമായ ലേമാൻ ബ്രദേഴ്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഔദ്യോഗിക ജീവിതം. ഇരുപത് വർഷത്തെ അമേരിക്കൻ ജീവിതത്തിൽ 55 രാജ്യങ്ങളിലെ കോർപ്പറേറ്റ് കമ്പനികളുടെ ബാലൻസ് ഷീറ്റുകളിൽ നിന്നാണ് തമിഴ്നാട്ടിലെ എംഎൽഎ ആയി മാറുന്നത്. 2007ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 2016ലാണ് ആദ്യമായി എംഎൽഎ ആവുന്നത്.
അമേരിക്കക്കാരിയായ മാർഗരറ്റാണ് ഭാര്യ. രണ്ടു ആൺകുട്ടികളുടെ പിതാവാണ്. ഭർത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സജീവമായി ഉണ്ടായിരുന്നു മാർഗരറ്റ്. മധുരയുമായി നല്ല പരിചയത്തിലായി എന്നും ഈ ദേശത്തെ ഇഷ്ടപ്പെടുന്നുവെന്നും അവർ പറയുന്നു. ഇൻഡസ്ട്രിയൽ എഞ്ചിനീയറായിരുന്ന അവർ ജോലിയുപേക്ഷിച്ചാണ് ത്യാഗരാജനൊപ്പം ഇന്ത്യയിലെത്തിയത്.