കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപപ്പെടുത്താൻ എൻ.സി.പി
|മൂന്നാം ബദൽ കൊണ്ട് വരാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ശരദ് പവാർ. വൈകിട്ട് ചേരുന്ന യോഗത്തിൽ പ്രാദേശിക കക്ഷികൾ ആണ് പങ്കെടുക്കുക.
രാജ്യത്ത് മൂന്നാം മുന്നണി രൂപപ്പെടുത്താൻ പ്രതിപക്ഷ ഐക്യം ശക്തമാക്കി എൻ.സി.പി. കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി ശരത് പവാർ ഇന്നലെ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് യോഗം. എന്നാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ മാറ്റിനിർത്തുന്നത് കൂടുതൽ ദോഷം ചെയ്യുമെന്ന നിലപാടിലാണ് പ്രശാന്ത് കിഷോർ.
മൂന്നാം ബദൽ കൊണ്ട് വരാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ശരദ് പവാർ. വൈകിട്ട് ചേരുന്ന യോഗത്തിൽ പ്രാദേശിക കക്ഷികൾ ആണ് പങ്കെടുക്കുക. ശരത് പവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന നീക്കത്തിന് തൃണമൂൽ കോൺഗ്രസാണ് ശക്തമായ പിന്തുണ നൽകുന്നത്. ടി.എം.സിക്ക് വേണ്ടി യശ്വന്ത് സിൻഹ യോഗത്തിനെത്തും.
ശിവസേന, സി.പി.ഐ ആർ.ജെ.ഡി, എ.എ.പി ഉൾപ്പെടെ 15 പാർട്ടികളിലെ നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ള, പവൻ വർമ, സജ്ഞയ് സിങ്, എപി സിങ്, തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. എന്നാൽ കോൺഗ്രസിനെ മാറ്റി നിർത്തിയത് രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരെ വിശാല സഖ്യ ആവശ്യവുമായി രംഗത്ത് എത്തയ പ്രശാന്ത് കിഷോർ, കോൺഗ്രസിനെ മാറ്റി നിർത്തുന്നതിനെ എതിർത്തു.
പ്രതിപക്ഷ പാർട്ടികൾ വിഘടിച്ചു നിന്നാൽ ബി.ജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ ലോകസഭ തെരഞ്ഞെടുപ്പ് ഉത്തർപ്രദേശ് ഉൾപ്പെടെ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയിൽ സ്വീകരികേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ആലോചനകൾ യോഗത്തിൽ ഉണ്ടാകും.