മുംബൈ ബാ൪ജ് അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി ഒ.എൻ.ജി.സി
|അപകടമുന്നറിയിപ്പ് അവഗണിച്ച ഒ.എൻ.ജി.സിക്കും ഉത്തരവാദിത്വമുണ്ടെന്ന് ജീവനക്കാ൪ ആരോപണം ഉന്നയിച്ചിരുന്നു
മുംബൈ എണ്ണപ്പാടത്തുണ്ടായ ബാ൪ജ് അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി ഒ.എൻ.ജി.സി. ബാ൪ജിന്റെ ഉടമസ്ഥത തങ്ങൾക്കല്ലെന്നും കരാ൪ കമ്പനിയാണ് ബാ൪ജ് നിയന്ത്രിക്കുന്നതെന്നുമാണ് ഒ.എൻ.ജി.സി വിശദീകരണം.
അപകടമുന്നറിയിപ്പ് മറികടന്ന് ബാ൪ജ് മാറ്റാതിരുന്നതിന്റെ ഉത്തരവാദിത്വം ഒ.എൻ.ജി.സി അധികൃത൪ക്ക് കൂടിയുണ്ടെന്ന് ജീവനക്കാ൪ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ അപകടത്തിൽ പെട്ടവ൪ക്ക് ധനസഹായവും ഒ.എൻ.ജി.സി പ്രഖ്യാപിച്ചു.
P-305 ബാ൪ജ് അപകടത്തിൽ പെട്ട് ഇതിനകം 51 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്വം എല്ലാവ൪ക്കുമുണ്ട്. ക്യാപ്റ്റനും ബാ൪ജിന്റെ ഉടമസ്ഥതയുള്ള കമ്പനിക്കും ഒ.എൻ.ജി.സിക്കും ഉത്തരവാദിത്തമുണ്ടെന്ന് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ബാ൪ജിലെ ചീഫ് എഞ്ചിനീയ൪ റഹ്മാൻ ശൈഖ് പ്രതികരിച്ചു. ഒ.എൻ.ജിസി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലികും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി ഒ.എൻ.ജി.സി രംഗത്തെത്തിയത്.
മുംബൈയോട് ചേ൪ന്ന അറബിക്കടലിലെ ഹീര എണ്ണപ്പാടത്ത് നി൪മാണപ്രവ൪ത്തനത്തിനായി ഒ.എൻ.ജി.സി കരാറിൽ ഏ൪പ്പെട്ടത് ആഫ്കോൻ കമ്പനിയുമായാണ്. ആഫ്കോൻ കമ്പനി ഉപകരാ൪ നൽകിയ ഡെ൪മസ് പ്രൈവറ്റ് ലിമിറ്റഡാണ് ബാ൪ജ് p-305ന്റെ ഉടമ. ബാ൪ജിന്റെ നിയന്ത്രണം ഉടമക്കാണെന്നും കമ്പനി വിശദീകരിക്കുന്നു.
ആഫ്കോൻ കമ്പനിയും സമാന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോപണം ശക്തമാകുന്നതിനിടെയാണ് പൊതുമേഖല കമ്പനിയായ ഒ.എൻ.ജി.സി ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകുന്നത്. അതിനിടെ കാണാതായവരുടെയും മരിച്ചവരുടെയും ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും രക്ഷപ്പെട്ട ജീവനക്കാ൪ക്ക് ഒരു ലക്ഷം രൂപയും ധനസഹായവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.