വാക്സിന്‍ കിട്ടാനില്ല: വാക്സിനേഷന്‍ നിര്‍ത്തിവെച്ച് മുംബൈ കോര്‍പ്പറേഷന്‍
|നിലവിലെ സാഹചര്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ മെയ് ഒന്നിന് തുടങ്ങാനാകില്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു
മൂന്നാം ഘട്ട വാക്സിനേഷൻ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കോവിഡ് കുത്തിവെപ്പ് നിർത്തിവെച്ച് മുംബൈ കോർപ്പറേഷൻ. വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി മൂന്ന് ദിവസത്തേക്കാണ് വാക്സിനേഷൻ നിർത്തിവെച്ചത്. മെയ് ഒന്നിന് 18 മുതൽ 45 വയസ്സുവരെയുള്ളവർക്കുള്ള മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിക്കേണ്ടത്.
വെള്ളിയാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്കാണ് വാക്സിനേഷൻ നിർത്തിവെച്ചിരിക്കുന്നത്. വാക്സിൻ എത്തിച്ചേരുന്ന പക്ഷം ജനങ്ങളെ മാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിക്കുമെന്നും കോർപ്പറേഷൻ പറഞ്ഞു.
വാക്സിനായി അപേക്ഷിച്ച മുതിർന്ന പൗരൻമാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും രജിസ്റ്റർ ചെയ്തവർക്കെല്ലാം വാക്സിൻ ലഭ്യമായിരിക്കുമെന്നും മുംബൈ മുൻസിപ്പൽ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ മെയ് ഒന്നിന് തുടങ്ങാനാകില്ലെന്നും, വാക്സിൻ എത്തിച്ചേരുന്ന മുറക്കേ ആരംഭിക്കൂവെന്നും അധികൃതർ ട്വിറ്ററിൽ പറഞ്ഞു.
മഹാരാഷ്ട്രക്ക് പുറമെ പഞ്ചാബ്, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളും വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്ത് ലക്ഷം വാക്സിനുകൾ എത്താതെ പുതിയ ഘട്ട വാക്സിനേഷൻ ആരംഭിക്കില്ലെന്നാണ് പഞ്ചാബ് അറിയിച്ചിരിക്കുന്നത്.