ആടുകളുമായി രാജ്ഭവനു മുന്നില്‍ പ്രതിഷേധം; പൊലീസിനോട് വിശദീകരണം തേടി ബംഗാള്‍ ഗവര്‍ണര്‍
|രാജ്ഭവന്‍റെ നോര്‍ത്ത് ഗേറ്റിനു മുന്നിലായിരുന്നു എട്ടോളം ആടുകളെയും കൊണ്ടുള്ള പ്രതിഷേധം.
രാജ്ഭവനു മുന്നിലെ പ്രതിഷേധങ്ങളില്‍ പൊലീസിനോട് വിശദീകരണം ആരാഞ്ഞ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കൊല്‍ക്കത്ത പോലീസ് മേധാവിക്കയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
നാരദ കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ മന്ത്രിമാരെയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്ഭവനു മുന്നില്‍ ഒരുപറ്റം ചെമ്മരിയാടുകളുമായി നടത്തിയ പ്രതിഷേധമാണ് ഗവര്‍ണറെ കുപിതനാക്കിയതെന്നാണ് സൂചന. ചൊവ്വാഴ്ച, ഗവര്‍ണറുടെ ജന്മദിനത്തില്‍ രാജ്ഭവന്‍റെ നോര്‍ത്ത് ഗേറ്റിനു മുന്നിലായിരുന്നു എട്ടോളം ആടുകളെയും കൊണ്ടുള്ള പ്രതിഷേധം.
ഒരാള്‍ ചെമ്മരിയാടുകളുമായി നോര്‍ത്ത് ഗേറ്റിനു മുന്നിലെത്തി തടസ്സം സൃഷ്ടിച്ചതായാണ് ഗവര്‍ണര്‍ പോലീസ് മേധാവിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇയാള്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പോസ് ചെയ്യുന്നുണ്ടായിരുന്നു. പൊലീസുകാര്‍ ഇത് കണ്ടുകൊണ്ട് നിന്നെന്നും രാജ്ഭവനു മുന്നില്‍ തടസ്സം സൃഷ്ടിച്ച ഇദ്ദേഹത്തെ പിടിച്ചു മാറ്റാന്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. അതേസമയം, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ബംഗാളിലെ മോശമായിക്കൊണ്ടിരിക്കുന്ന കോവിഡ് സാഹചര്യത്തിനെതിരെയായിരുന്നു പ്രതിഷേധമെന്നുമാണ് ആടുകളുമായെത്തിയയാള്‍ പിന്നീട് വെളിപ്പെടുത്തിയത്.
രാജ്ഭവന്‍റെ പ്രധാന ഗേറ്റിനു മുന്നില്‍ പോലും ക്രമസമാധാന നില ആശങ്കാജനകമായ അവസ്ഥയിലാണെന്നും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ കൂടിയും പൊലീസിന് ഇഷ്ടമുള്ളവരെയെല്ലാം കറങ്ങി നടക്കാന്‍ അനുവദിക്കുകയാണെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും കൊല്‍ക്കത്ത പോലീസിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.
State of law and order @MamataOfficial even at the main entry gate of Raj Bhawan worrisome with stance police @KolkataPolice leaving all to be desired.
— Governor West Bengal Jagdeep Dhankhar (@jdhankhar1) May 19, 2021
And all this when the area is subject to 144 CrPC prohibitory orders.
Constrained to seek an update on it. pic.twitter.com/HIiD7bTf67