നീറ്റ് പരീക്ഷ നാലുമാസത്തേക്ക് മാറ്റിവെച്ചു
|ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടർമാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും.
രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയ്ക്ക് ഒരു മാസം മുമ്പെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും. പരീക്ഷ മാറ്റിവെച്ചതുവഴി യോഗ്യരായ ധാരാളം ഡോക്ടർമാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കുമെന്നും സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
എം.ബി.ബി.എസ് ബിരുദധാരികളേയും അവസാന വർഷ വിദ്യാർഥികളേയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നതിനായാണ് നിലവിലെ തീരുമാനം. കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് സർക്കാർ ആശുപത്രികളിലെ നിയമനത്തിൽ മുൻഗണന നൽകുന്ന കാര്യവും കേന്ദ്രസർക്കാർ പരിഗണനയിലുണ്ട്.
ഏപ്രിൽ 18നായിരുന്നു നീറ്റ് പരീക്ഷ നടക്കേണ്ടിയിരുന്നത്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡും പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കഴിഞ്ഞമാസം പരീക്ഷ മാറ്റിവെച്ചത്.