India
വാക്സിനെടുക്കാന്‍ ഇനി നാലക്ക സുരക്ഷാ കോഡും വേണം
India

വാക്സിനെടുക്കാന്‍ ഇനി നാലക്ക സുരക്ഷാ കോഡും വേണം

Web Desk
|
7 May 2021 11:19 AM GMT

നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം ബാധകമാകുക

കോവിഡ് വാക്‌സിൻ വിതരണത്തിന്റെ കൃത്യത കൂട്ടാൻ കോവിൻ ആപ്പിൽ കൂടുതലായി ഒരു ഫീച്ചർ കൂട്ടിചേർത്തു.

കോവിൻ വഴി അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്ത ആളുകൾ കോവിഡ് ഡോസ് എടുക്കാൻ പോകുമ്പോൾ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ വാക്‌സിനേറ്റർമാർ ഇനിമുതൽ നാല് അക്ക സുരക്ഷാ കോഡ് കൂടി ആവശ്യപ്പെടും.

വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തതും എന്നാൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ പങ്കെടുക്കാത്തതുമായ ആളുകൾക്ക് കുത്തിവയ്പ് നൽകിയതായി സ്ഥിരീകരണ സന്ദേശങ്ങൾ ലഭിച്ച കേസുകൾ പുറത്തുവന്നതിന് ശേഷമാണ് തീരുമാനം.

നാളെ (മെയ് 8) മുതലാണ് ഈ സംവിധാനം നിലവിൽ വരിക. ഈ നാലക്ക സുരക്ഷാ കോഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്ത അപ്പോയിമെന്റ് സ്ലിപ്പിൽ പ്രിന്റ് ചെയ്തിട്ടുണ്ടാകും. വാക്‌സിനേഷൻ സെന്‍ററില്‍ സ്ലിപ്പ് ഡിജിറ്റലായി കാണിക്കാനും കഴിയും.

അതേസമയം വാക്‌സിനേഷനായി പോകുമ്പോൾ വ്യക്തികൾക്ക് ആധാർ കാർഡ് പോലുള്ള സാധുവായ തിരിച്ചറിയൽ രേഖയും ഉണ്ടായിരിക്കണം. സുരക്ഷാ കോഡ് കൊണ്ടുവരുന്നതോട് കൂടി കോവിഡ് വാക്‌സിൻ എടുത്തവരുടെ ഡാറ്റാ ശേഖരണം കുറേ കൂടി കുറ്റമറ്റതാകുമെന്നാണ് കരുതുന്നത്. നിലവില്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിച്ചത് മെയ് ഒന്നു മുതലാണ്. വാക്സിന്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. നിലവില്‍ രാജ്യത്ത് 16 കോടിയിലേറെ പേര്‍ക്കാണ് ഒറ്റ ഡോസ് വാക്സിന്‍ എങ്കിലും ലഭിച്ചത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചത് മൂന്നുകോടിയില്‍പരം ആളുകളാണ്. ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണിത്.

Similar Posts