ഇന്ത്യയെ ചേര്‍ത്ത് പിടിച്ച് ന്യൂസീലാന്‍ഡും; ഒരു മില്യണ്‍ ന്യൂസീലാന്‍ഡ് ഡോളര്‍ കൈമാറും
|റെഡ് ക്രോസ് വഴിയാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയെന്ന് ന്യൂസീലൻഡ് വിദേശകാര്യ മന്ത്രി
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറച്ചുനില്‍ക്കുകയാണ് ഇന്ത്യ. ലോകമെങ്ങുനിന്നും ഇന്ത്യയിലേക്ക് സഹായങ്ങള്‍ ഒഴുകുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാരെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ന്യൂസീലാന്‍ഡും. ഇന്ത്യയ്ക്ക് ഒരു മില്യൺ ന്യൂസീലൻഡ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ന്യൂസീലന്‍ഡ് അറിയിച്ചു. റെഡ് ക്രോസ് വഴിയാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയെന്ന് ന്യൂസീലൻഡ് വിദേശകാര്യ മന്ത്രി നാനിയ മഹൂത പറഞ്ഞു.
ഈ മോശം സമയത്ത് ഇന്ത്യക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഇന്ത്യയിലെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും മഹൂത പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും ന്യൂസീലാന്‍ഡ് ഈ തുക നൽകുക. ഈ തുക ഉപയോഗിച്ച് ഓക്സിജൻ സിലിണ്ടറും മെഡിക്കല്‍ ഉപകരണങ്ങളും അടക്കം കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി ജസീന്ത വ്യക്തമാക്കി.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രില്‍ 11 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസീലാന്‍ഡ് യാത്രാനിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.