മുലയൂട്ടുന്ന അമ്മമാരെ വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
|ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാന്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലെ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉള്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി). ഇതു സംബന്ധിച്ച് ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് എൻ.എച്ച്.ആർ.സി ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ഇന്ത്യയിൽ മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് രാജസ്ഥാൻ സർവകലാശാലയിലെ ലോ കോളജ് വിദ്യാർഥി തപിഷ് സരസ്വത് സമര്‍പ്പിച്ച പരാതിയിലാണ് എൻ.എച്ച്.ആർ.സിയുടെ നടപടി.
പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ ജനിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവൻ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് തപിഷ് സരസ്വത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.