നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെ സര്‍ക്കാറിന്റെ അനുമതി
|പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി വായ്പ എടുത്ത് മുങ്ങിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്
വായ്പ തട്ടിപ്പുകേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വജ്ര വ്യവസായി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി. യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തേ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനുളള നടപടിക്രമങ്ങളാണ് യുകെ സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലായിരുന്നു വിവാദ വജ്രവ്യാപാരിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.
എന്നാൽ ഈ ഉത്തരവിലൂടെ നീരവ് മോദിയെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരുവാൻ കഴിയില്ല. നീരവ് മോദിക്ക് 28 ദിവസത്തിനുള്ളിൽ ഈ ഉത്തരവിനെതിരെ യുകെ ഹൈക്കോടതിയെ സമീപിക്കാൻ കഴിയും. നേരത്തെ വിജയ് മല്യയേയും ഇന്ത്യക്ക് കൈമാറാൻ 2019 ഫെബ്രുവരിയിൽ ഉത്തരവായിരുന്നു. മല്യ കോടതിയെ സമീപിച്ചതിനാൽ നടപടി നീണ്ടുപോകുകയാണ്. നിയമപരമായ കൈമാറ്റത്തിന് മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് (പിഎൻബി) 14,000 കോടി വായ്പ എടുത്ത് മുങ്ങിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.