ദാദ്ര & നാഗർ ഹവേലി എംപിയുടെ മരണം: പ്രഫുല്‍ പട്ടേല്‍ പ്രതിയായ കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല
|25 കോടി രൂപ നല്‍കണമെന്ന് പ്രഫുല്‍ പട്ടേൽ മോഹൻ ദേൽക്കറിനോട് ആവശ്യപ്പെട്ടെന്നാണ് മകന്റെ മൊഴി
ദാദ്ര ആൻഡ് നാഗർ ഹവേലി എംപി മോഹൻ ദേൽക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ അന്വേഷണം എങ്ങുമെത്തിയില്ല. ലക്ഷദ്വീപിന്റെയും ദാദ്ര ആൻഡ് നാഗർ ഹവേലിയുടെയും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ ഉൾപ്പെടെ 9 പേർക്കെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണത്തിൽ പുരോഗതിയൊന്നുമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 22നാണ് മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ മോഹന്‍ ദേല്‍ക്കറിനെ കണ്ടെത്തിയത്. 15 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെ നിരവധി പേരെ കുറിച്ച് പരാമര്‍ശമുണ്ട്. പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ ഓഫീസും വേട്ടയാടിയെന്നാണ് ഗുജറാത്തി ഭാഷയിലെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും പൊലീസും നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
പ്രഫുൽ പട്ടേലും സംഘവും അച്ഛനെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് മകന് അഭിനവിന്റെ മൊഴി. പി.എ.എസ്.എ (പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ്) ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ 25 കോടി രൂപ നല്‍കണമെന്ന് പ്രഫുല്‍ പട്ടേൽ പിതാവിനോട് ആവശ്യപ്പെട്ടു. അച്ഛന്റെ നേതൃത്വത്തില്‍ 100 കോടി ചെലവഴിച്ച് സ്ഥാപിച്ച എസ്എസ്ആര്‍ കോളജിന്റെ നിയന്ത്രണം പ്രഫുല്‍ പട്ടേല്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ചടങ്ങുകളിലൊന്നും ക്ഷണിക്കാതെ അച്ഛനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചെന്നും അഭിനവ് മൊഴി നല്കി.
കഴിഞ്ഞ രണ്ടര മാസത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് തവണ ദാദ്ര ആൻഡ് നാഗർ ഹവേലി സന്ദർശിച്ചു. അഭിനവിന്റെ മൊഴി രേഖപ്പെടുത്തി. മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കോവിഡ് സാഹചര്യം കാരണമാണ് അന്വേഷണം മുന്നോട്ടുപോവാത്തതെന്ന മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചതെന്ന് അഭിനവ് പറഞ്ഞു. കേസിലെ സാക്ഷികളില്‍ പലര്‍ക്കും കോവിഡ് ബാധിച്ചു. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചെന്നാണ് വിശദീകരണം.
അഭിനവിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ആരോപണവിധേയരെ ചോദ്യംചെയ്യൂ എന്നാണ് പൊലീസ് അറിയിച്ചത്. ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ചുമത്തിയത്.