രണ്ട് തല, ഒരു ഉടല്, മൂന്ന് കൈ, രണ്ട് കാല്: ജനിച്ചത് അപൂര്‍വ സയാമീസ് ഇരട്ടകള്‍
|ജനിച്ചയുടനെ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍
രണ്ട് തലയും ഒരു ഉടലും മൂന്ന് കൈകളും രണ്ട് കാലുമായി അപൂർവ സയാമീസ് ഇരട്ടകൾ. ജനിച്ചത് പെൺകുഞ്ഞാണ്. ഒഡീഷയില്‍ ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കേന്ദ്രപര ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് കുഞ്ഞുങ്ങളുടെ ജനനം. രണ്ട് തലകളുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ നെഞ്ചിന്റെ ഭാഗവും വയറും ഒന്നാണ്. സയാമീസ് ഇരട്ടകളില്‍ തന്നെ ഇങ്ങനെയൊരു അവസ്ഥ അപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജനിച്ചയുടനെ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഒരൊറ്റ ശരീരമാണുള്ളത്, മൂന്ന് കൈകളും രണ്ട് കാലുകളുമുണ്ട്. ഭക്ഷണം കഴിക്കാനായി രണ്ട് വായകളും ശ്വസിക്കാനായി രണ്ട് മൂക്കുകളുമുണ്ട്. കുഞ്ഞുങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമേ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാവുകയുള്ളൂവെന്ന് ജില്ലാ ആശുപത്രിയിലെ ശിശുരോഗവിദഗ്ധന് ഡോ. ദേബാശിഷ് സാഹു പറഞ്ഞു.
ശസ്ത്രക്രിയ വഴിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കനി ഗ്രാമത്തിലെ രാജ്നഗറിലുള്ള അംബിക- ഉമാകാന്ത് പരിദ ദമ്പതികൾക്കാണ് സയാമീസ് ഇരട്ടകൾ ജനിച്ചത്. കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സർക്കാർ സഹായം നൽകണമെന്ന് ഉമാകാന്ത് പറയുന്നു. കുഞ്ഞുങ്ങളെ സ്വകാര്യ നഴ്സിംഗ് ഹോമില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മാറ്റിയിരിക്കുകയാണ്.
ഇപ്പഴും ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഗര്‍ഭകാല പരിചരണം വേണ്ടവിധമില്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്ന് ഡോ. സാഹു പറയുന്നു. ഫോളിക് ആസിഡോ, മറ്റ് മരുന്നുകളോ സ്ത്രീകള്‍ കഴിക്കുന്നില്ല, കൃത്യസമയത്ത് സ്കാനിംഗ് നടത്തുന്നില്ല എന്നതും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ കുറിച്ച് അറിയാതിരിക്കാന്‍ കാരണമാകുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
2017 ൽ ഒഡിഷയിൽ മറ്റൊരു ദമ്പതികൾക്ക് സയാമീസ് ഇരട്ടകൾ പിറന്നിരുന്നു. ജഗ, കാലിയ എന്നിവരായിരുന്നു സയാമീസ് ഇരട്ടകളായി ജനിച്ചത്. പിന്നീട് ഇരുവരേയും ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി.