വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ കാന്തിക ശക്തിയോ..? ഒഡീഷയില്‍ 71 കാരന് സംഭവിച്ചതെന്ത്?
|കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായതായാണ് അരവിന്ദ് ജഗന്നാഥ് അവകാശപ്പെടുന്നത്. ഇതിന് തെളിവായി ലോഹവസ്തുക്കൾ തന്‍റെ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്
കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ പല തരത്തിലുളള പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി, തലവേദന, ക്ഷീണം, ശരീരവേദന എന്നിങ്ങനെ വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണ് വാക്സിനേഷന് പിന്നാലെ പ്രത്യക്ഷപ്പെടാറ്. മറ്റ് ചിലര്‍ക്കാകട്ടെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം അത്തരം ലക്ഷണങ്ങളില്‍ ഒന്നുപോലും പ്രകടമാകാറുമില്ല. എന്നാല്‍ വ്യതസ്തമായ മറ്റൊരു പാര്‍ശ്വ ഫലം വാക്സിനേഷന് പിന്നാലെ ഉണ്ടാകുന്നതായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. വാക്സിന്‍ സ്വീകരിച്ച വ്യക്തിക്ക് 'കാന്തിക ശക്തി' ഉണ്ടാകുന്നു എന്നതാണ് പരക്കുന്ന അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ടത്.
ഇത്തരം പാര്‍ശ്വഫലത്തെ സംബന്ധിച്ച് വിചിത്രമായ അവകാശവാദം ഉന്നയിച്ച് ഒരു 71കാരനാണ് അവസാനമായെത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള മുതിര്‍ന്ന പൌരനായ അരവിന്ദ് ജഗന്നാഥ് സോണർ ആണ് ചര്‍ച്ചക്ക് വഴിയൊരുക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായതായാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഇതിന് തെളിവായി ലോഹവസ്തുക്കൾ തന്‍റെ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താന്‍ കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചതെന്നും അതിനു ശേഷമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും അരവിന്ദ് ജഗന്നാഥ് പറയുന്നു. നാണയത്തുട്ടുകള്‍, പാത്രങ്ങൾ, സ്പൂണുകൾ എന്നിവ അരവിന്ദ് ജഗന്നാഥിന്‍റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്ന വീഡിയോ ഇതിനു പിന്നാലെ വൈറലാവുകയും ചെയ്തു.
Several posts/videos claiming that #COVID19 #vaccines can make people magnetic are doing the rounds on social media. #PIBFactCheck:
— PIB Fact Check (@PIBFactCheck) June 10, 2021
✅COVID-19 vaccines do NOT make people magnetic and are completely SAFE
Register for #LargestVaccineDrive now and GET VACCINATED ‼️ pic.twitter.com/pqIFaq9Dyt
എന്നാല്‍ വിചിത്രമായ അവകാവാദത്തെ തള്ളിക്കൊണ്ട് പി.ഐ.ബി രംഗത്തെത്തി. ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്കിംഗ് ഏജന്‍സി പറയുന്നത്. വാക്സിനുകൾക്ക് മനുഷ്യശരീരത്തിൽ കാന്തിക പ്രതികരണമുണ്ടാക്കാൻ കഴിയില്ലെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി. വിചിത്രമായ അവകാശവാദം ഉന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നാസിക് മുൻസിപ്പല്‍ കോർപ്പറേഷനിലെ ഒരു ഡോക്ടർ അരവിന്ദിനെ പരിശോധിച്ചിരുന്നു. എന്നാൽ വാക്സിനേഷന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്നായിരുന്നു ഡോക്ടറുടെ വിശദീകരണം.
എന്നാല്‍ ലോഹങ്ങള്‍ ആദ്യം ശരീരത്തില്‍ ഒട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ വിയർപ്പ് കൊണ്ടാകും എന്നാണ് കരുതിയതെന്നാണ് അരവിന്ദ് ജഗന്നാഥ് പറയുന്നത്. പിന്നീട് കുളി കഴിഞ്ഞ് വന്നശേഷവും വസ്തുക്കൾ ഇത്തരത്തിൽ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെയാണ് കാര്യത്തിന്‍റെ ഗൗരവം മനസിലായതെന്നും അദ്ദേഹം പറയുന്നു. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആവശ്യമുണ്ടോ എന്നറിയാൻ മഹാരാഷ്ട്ര സർക്കാരിന് റിപ്പോർട്ട് അയയ്ക്കുമെന്ന് അരവിന്ദിനെ പരിശോധിച്ച ഡോക്ടർ പ്രതികരിച്ചു. ശരിയായ അന്വേഷണത്തിന് ശേഷം ഒരു നിഗമനത്തിലെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.