വാക്സിന്‍ ക്ഷാമം; 18 കഴിഞ്ഞവര്‍ക്കുള്ള കുത്തിവെപ്പ് താത്കാലികമായി നിര്‍ത്തിവെച്ച് മഹാരാഷ്ട്ര
|45 വയസിനു മുകളിലുള്ള, രണ്ടാം ഡോസ് ലഭിക്കേണ്ടവര്‍ക്കു മുന്‍ഗണന നല്‍കും.
18- 44 പ്രായപരിധിയിലുള്ളവർക്കുള്ള കോവാക്‌സിന്‍ കുത്തിവെപ്പ് മഹാരാഷ്ട്ര താത്കാലികമായി നിര്‍ത്തിവെച്ചു. സംസ്ഥാനം വാക്സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വിഭാഗക്കാര്‍ക്കായി മാറ്റിവെച്ചിരുന്ന മൂന്നു ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ 45 വയസിനു മുകളിലുള്ള, രണ്ടാം ഡോസ് ലഭിക്കേണ്ടവര്‍ക്കു നല്‍കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തൊപെ അറിയിച്ചു.
"45 വയസിന് മുകളിലുള്ളവര്‍ക്കായി 35,000 ഡോസ് കോവാക്‌സിന്‍ ലഭ്യമാണ്. പക്ഷേ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് രണ്ടാമത്തെ ഡോസിന് കാത്തിരിക്കുന്നത്. ഇതിനായി ഞങ്ങള്‍ കോവാക്‌സിന്‍ സ്റ്റോക്ക് മാറ്റുകയാണ്," രാജേഷ് തോപെ പറഞ്ഞു. രണ്ടാമത്തെ ഡോസ് നിശ്ചിത സമയത്ത് നല്‍കിയില്ലെങ്കില്‍ അത് വാക്‌സിന്‍റെ കാര്യക്ഷമതയെ ബാധിക്കും. ഇത്തരം പ്രതിസന്ധി ഒഴിവാക്കാനാണ് 18- 44 പ്രായപരിധിയിലുള്ളവര്‍ക്ക് മാറ്റിവെച്ച വാക്സിന്‍ ഡോസുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് വാക്സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കു മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടാം ഡോസുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വാക്സിനില്‍ എഴുപതു ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാം ഡോസ് ലഭിച്ചിട്ടില്ലാത്തവർക്ക്, 18 - 44 പ്രായക്കാരുടെ കുത്തിവെപ്പ് തുടങ്ങും മുൻപ് നൽകണമെന്നും നിർദേശമുണ്ട്.