വാക്സിന് സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം; മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
|12 പ്രമുഖ പ്രതിപക്ഷ പാർട്ടി പ്രതിനിധികളാണ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്. കോൺഗ്രസും സി.പി.എമ്മും അടക്കം 12 പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിപക്ഷം പല സന്ദർഭങ്ങളിലായി ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം പാടെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തയച്ചത്.
സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ വിവിധ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സംഭരിക്കണം. സൗജന്യവും സാർവത്രികവുമായ വാക്സിൻ കുത്തിവെപ്പ് ദേശീയതലത്തിൽ ഉടനടി നടപ്പാക്കണം. തദ്ദേശീയമായ വാക്സിൻ ഉൽപാദനത്തിന് ലൈസൻസ് നിർബന്ധമാക്കണം.
ബജറ്റ് വിഹിതമായ 35,000 കോടി വാക്സിനുവേണ്ടി ചെലവിടണം. പുതിയ പാർലമെന്റ് നിർമാണം അടക്കമുള്ള സെൻട്രൽ വിസ്ത പദ്ധതി ഉടനടി നിർത്തിവെച്ച്, ഇതിനായി നീക്കിവെച്ച പണം ഓക്സിജനും വാക്സിനും സമാഹരിക്കാൻ ചെലവിടണം. പി.എം കെയേഴ്സ് എന്ന സ്വകാര്യ ട്രസ്റ്റിലെ കണക്കില്ലാ പണം വാക്സിൻ, ഓക്സിജൻ, മെഡിക്കൽ സാമഗ്രികൾ എന്നിവ വാങ്ങുന്നതിന് ഉപയോഗപ്പെടുത്തണം.
കോവിഡ് പ്രതിസന്ധിമൂലം തൊഴിലില്ലാതായവർക്ക് പ്രതിമാസം 6,000 രൂപ വീതം നൽകണം. ഗോഡൗണുകളിൽ അരിയും മറ്റും കെട്ടിക്കിടന്നു നശിക്കുകയാണെന്നിരിക്കേ, ആവശ്യക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകണം. കോവിഡ് മഹാമാരിയുടെ ഇരകളായി കർഷകർ മാറാതിരിക്കാൻ കാർഷിക നിയമങ്ങൾ പിൻവലിക്കണം- കത്തിൽ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ ഇവയാണ്. അതേസമയം, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും കത്തില്‍ ഒപ്പുവെച്ചിട്ടില്ല.