ഡല്‍ഹിയിലെ ഓക്സിജന്‍ പ്രതിസന്ധി തീര്‍ന്നു; മൂന്ന് മാസത്തിനകം എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേജ്‍രിവാള്‍
|ഡല്‍ഹിയില്‍ ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമമില്ല. വേണ്ടത്ര ഓക്‌സിജന്‍ ബെഡുകളും സജ്ജമാണ്
ഡല്‍ഹിയിലെ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മൂന്ന് മാസത്തിനകം ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 'ഡല്‍ഹിയില്‍ ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമമില്ല. വേണ്ടത്ര ഓക്‌സിജന്‍ ബെഡുകളും സജ്ജമാണ്. ഒരു രോഗിക്കും ഇനി ഓക്‌സിജന്‍ ലഭിക്കാതെ പോകില്ല,' മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി യോഗ്യരായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ മൂന്ന് മാസത്തിനകം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദിവസവും രണ്ടോ നാലോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അവരുടെ ഓഫീസില്‍ തന്നെ സര്‍ക്കാര്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഇതിന്‍റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. ഇതോടെ ആശുപത്രികളില്‍ രോഗികളെ ഉള്‍ക്കൊള്ളാന്‍ ബെഡും ഓക്‌സിജനും ലഭിക്കാതെ വന്നു. റെക്കോര്‍ഡ് എണ്ണം മരണവും ദിനംപ്രതി റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 19,832 കോവിഡ് കേസുകളും 341 മരണങ്ങളുമാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.