പാര്‍ക്കുകളും പാര്‍ക്കിങ് ഏരിയകളും ശ്മശാനങ്ങളാക്കി ഡല്‍ഹി
|കോവിഡ് മരണങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ സംസ്കാരത്തിനായുള്ള പുതിയ സ്ഥലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കുകയാണ്
ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍ കൂടിയതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. പാര്‍ക്കുകളും പാര്‍ക്കിങ് ഏരിയകളുമെല്ലാം താത്കാലികമായി ശ്മശാനങ്ങളാക്കി മാറ്റുകയാണ് അധികൃതര്‍.
സാധാരണ 10ഉം 15ഉം ശ്മശാനങ്ങള്‍ സംസ്കരിച്ചിരുന്ന സരായ് കാലെയില്‍ 60-70 മൃതദേഹങ്ങള്‍ വരെയാണ് ഒരു ദിവസം സംസ്കരിക്കുന്നത്. പ്രതിദിനം 22 മൃതദേഹങ്ങള്‍ മാത്രം സംസ്കരിക്കാന്‍ ശേഷിയുള്ള ഇടത്താണ് മൂന്നിരട്ടി വരെ സംസ്കരിക്കേണ്ടിവരുന്നത്. പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി ബന്ധുക്കള്‍ കാത്തുനില്‍ക്കുന്നത് മണിക്കൂറുകളാണ്. ശ്മശാനങ്ങള്‍ക്ക് മുന്‍പില്‍ എല്ലാം ആംബുലന്‍സുകളുടെ നീണ്ട നിര തന്നെയുണ്ട്. ഇതിനിടെ സംസ്കരിക്കാനാവാശ്യമായ വിറകിനും ക്ഷാമമുണ്ട്. പലയിടത്തും പിപിഇ കിറ്റുകള്‍ പോലുമില്ലാതെയാണ് ശ്മശാനത്തിലെ ജോലിക്കാര്‍ രാപ്പകല്‍ ജോലി ചെയ്യുന്നത്.
ഇതിനിടെയാണ് പാര്‍ക്കുകളും പാര്‍ക്കിങ് ഏരിയകളുമെല്ലാം താത്കാലികമായി ശ്മശാനങ്ങളാക്കി മാറ്റുന്നത്. സരായ് കാലെക്ക് സമീപമുള്ള പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് പുതിയ 50 പ്ലാറ്റ്‍ഫോമുകളാണ് സംസ്കാരത്തിന് ഒരുക്കുന്നത്. ഗാസിപൂരിലെ ശ്മശാനത്തിലെ പാര്‍ക്കിങ് ഏരിയയിലും താത്കാലിക സജ്ജീകരണമായി. ഇവിടെ 20 പ്ലാറ്റ്‍ഫോമുകളാണ് ഒരുക്കിയത്.
ഓരോ ദിവസവും കോവിഡ് മരണങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ സംസ്കാരത്തിനായുള്ള പുതിയ സ്ഥലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കുകയാണെന്ന് ഈസ്റ്റ് ഡല്‍ഹി മേയര്‍ നിര്‍മല്‍ ജെയിന്‍ പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയിലെ വിവിധ ശ്മശാനങ്ങളിലായി സംസ്കരിച്ചത് 650ലധികം പേരെയാണ്.
തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിലും സ്ഥിതിഗതികള്‍ ഗുരുതരമാണ്. ഹരിയാന സര്‍ക്കാരിന്‍റെ ഇന്നലത്തെ കണക്ക് പ്രകാരം ഗുരുഗ്രാമില്‍ 7 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഇന്നലെ രാത്രി 8 മണി വരെ 50 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചെന്നും 40 പേരുടേത് ക്യൂവിലായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരുമിച്ച് കുറേ മൃതദേഹങ്ങള്‍ എത്തിയതോടെ ശ്മശാനത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ഉള്‍പ്പെടെ സംസ്കാരം നടത്തേണ്ടിവന്നു എന്നാണ് മദന്‍പുരി ശ്മശാനത്തിലെ ജീവനക്കാര്‍ പറയുന്നത്. ആംബുലന്‍സ് കിട്ടാനില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളിലാണ് പ്രിയപ്പെട്ടവര്‍ മൃതദേഹങ്ങളുമായെത്തിയത്. വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ എല്ലാവരും മരിച്ചത് കോവിഡ് കാരണമല്ല എന്നാണ് ഔദ്യോഗിക വിശദീകരണം.