പതഞ്ജലി ഡയറി മേധാവി കോവിഡ് ബാധിച്ചു മരിച്ചു
|ബന്‍സാല്‍ അലോപ്പതി ചികിത്സ തേടിയതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പതഞ്ജലി അറിയിച്ചു
ബാബാ രാംദേവ് നടത്തുന്ന പതഞ്ജലി ആയുര്‍വേദിന്‍റെ ഡയറി വിഭാഗം മേധാവി കോവിഡ് ബാധിച്ചു മരിച്ചു. ഈ മാസം 19നാണ് പതഞ്ജലി ഡയറി ഡിവിഷന്‍ വൈസ് പ്രസിഡന്‍റായ സുനില്‍ ബന്‍സാല്‍ (57) വൈറസ് ബാധിച്ച് മരിച്ചത്. ബന്‍സാല്‍ അലോപ്പതി ചികിത്സ തേടിയതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പതഞ്ജലി അറിയിച്ചു.
അലോപ്പതി ചികില്‍സയ്‌ക്കെതിരായ രാംദേവിന്‍റെ പ്രസ്താവന വിവാദമായതിനു പിന്നാലെയായിരുന്നു മരണം. ഇതോടെ ബന്‍സാലിന്‍റെ മരണവും വിവാദത്തിലായിരുന്നു. എന്നാല്‍ ബന്‍സാലിന്‍റെ ഭാര്യ രാജസ്ഥാന്‍ ആരോഗ്യ വകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയാണെന്നും അവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നതെന്നും പതഞ്ജലിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അലോപ്പതി ചികിത്സയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് നിരന്തരം ഭാര്യയോട് അന്വേഷിക്കാറുണ്ടായിരുന്നുവെന്നും പതഞ്ജലി വ്യക്തമാക്കി.
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഈ പ്രസ്താവന വലിയ ചര്‍ച്ചകള്‍ വഴിവയ്ക്കുകയും ചെയ്തു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
ഡയറി സയന്‍സില്‍ സ്‌പെഷലൈസ് ചെയ്ത ബന്‍സാല്‍ 2018ലാണ് പതഞ്ജലിയുടെ ഡയറി ബിസിനസില്‍ ചേരുന്നത്. പശുവിന്റെ പാല്‍, തൈര്, ബട്ടര്‍മില്‍ക്ക്, ചീസ് തുടങ്ങിയ പാലുല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതും അദ്ദേഹത്തിന്റെ കാലയളവിലാണ്.