India
ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ കോവാക്‌സിനില്ല;   വിദേശയാത്ര ബുദ്ധിമുട്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രം
India

ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ കോവാക്‌സിനില്ല; വിദേശയാത്ര ബുദ്ധിമുട്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രം

Web Desk
|
23 May 2021 4:25 PM GMT

അതേസമയം കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക കേന്ദ്രസർക്കാർ തള്ളി

ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിൻ ഇടംപിടിച്ചില്ല. പട്ടികയിൽ ഉൾപ്പെടുത്താനുള്ള താൽപര്യപത്രം നിർമ്മാതാക്കൾ നൽകിയിട്ടുണ്ടെങ്കിലും വരുന്ന ജൂൺ മാസത്തിലാകും ലോകാരോഗ്യ സംഘടന ഇതിനായുള്ള അവലോകനയോഗം ചേരുക. കോവാക്സിൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്.

അതേസമയം കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക കേന്ദ്രസർക്കാർ തള്ളി. ലോകത്ത് ഇതുവരെയിറങ്ങിയതിൽ മികച്ച വാക്സിനുകളിലൊന്നാണ് കോവാക്സിനെന്നും ഇത് കുത്തിവെച്ചവർക്ക് യാത്രാ വിലക്കേർപ്പെടുത്താൻ ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വാക്സിനേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള വാക്സിനാണ് വിദേശരാജ്യങ്ങൾ അംഗീകരിക്കുന്നത്.

ഇതോടെ ഇന്ത്യയിൽ കോവാക്സിൻ സ്വീകരിച്ചവരുടെ വിദേശയാത്രകൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതോടെ ഭാരത് ബയോടെക്കിന്റെയ കോവിഡ് -19 വാക്സിൻ ആയ കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇല്ലാത്തതിനാൽ പല രാജ്യങ്ങളും ഈ വാക്സിൻ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള 130 രാജ്യങ്ങളിൽ നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ് വാക്സിന് അനുമതി നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിലവിൽ രണ്ടു വാക്സിനുകളാണ് ഉപയോഗത്തിലുള്ളത്. ആസ്ട്രസെനേകയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡും, ഇന്ത്യയിൽ വികസിപ്പിച്ച് ഇവിടെ തന്നെ നിർമിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിനും.

Similar Posts