കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കൂടുന്നത് എന്തുകൊണ്ട്? രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് പെട്രോളിയം മന്ത്രി
|കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറ് കടന്നിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കൂടുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. രാജസ്ഥാനിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ഇന്ധനവില കൂടൂന്നത് എന്തുകൊണ്ടാണ്? ഇന്ധനവില വര്‍ധനമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനെ കുറിച്ച് ബോധാവാനാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് നികുതി ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടണം-ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറക്കുന്നതിനെ കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. ഇന്ധനവില കൂട്ടുന്നത് ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് എന്നാണ് മന്ത്രിയുടെ ന്യായീകരണം. വാക്‌സിനു വേണ്ടി വലിയ തുകയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ജി.ഡി.പി തകര്‍ന്നു, തൊഴിലില്ലായ്മ കുതിച്ചുയരുന്നു, ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നു. ഇനി ഏതൊക്കെ വഴിയിലാണ് ഇന്ത്യയെ കൊള്ളയടിക്കാനുള്ളത്?-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.