India
അടിയിൽ കൃഷ്ണവിഗ്രഹം, സർവേ നടത്തണം; ആഗ്ര ജമാ മസ്ജിദിനെതിരെയും സംഘ്പരിവാർ
India

അടിയിൽ കൃഷ്ണവിഗ്രഹം, സർവേ നടത്തണം; ആഗ്ര ജമാ മസ്ജിദിനെതിരെയും സംഘ്പരിവാർ

National Desk
|
15 April 2021 5:08 AM GMT

കഴിഞ്ഞയാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ എഎസ്‌ഐ സർവേയ്ക്ക് വാരാണസിയിലെ പ്രാദേശിക കോടതി അനുമതി നൽകിയത്

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിന് പിന്നാലെ, ആഗ്രയിലെ ജഹനാര മസ്ജിദിനെയും ലക്ഷ്യമിട്ട് സംഘ് പരിവാർ. കൃഷ്ണവിഗ്രഹം മസ്ജിദിന് അടിയിലുണ്ടെന്നും അത് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു.

മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് മഥുരയിലെ ജമൻസ്ഥൻ ക്ഷേത്രം തകർത്ത ശേഷം അവിടെയുണ്ടായിരുന്ന കൃഷ്ണവിഗ്രഹം ആഗ്രയിലേക്ക് കൊണ്ടു പോയി ജഹനാര മസ്ജിദിന് താഴെ കുഴിച്ചിടുകയായിരുന്നു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണ വിരജ്മാൻ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകനായ ശൈലേന്ദർ സിങ്, മനീഷ് യാദവ് എന്നിവരാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. മഥുരയിലെ മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ച സംഘടനയാണിത്.

കഴിഞ്ഞയാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ എഎസ്‌ഐ സർവേയ്ക്ക് വാരാണസിയിലെ പ്രാദേശിക കോടതി അനുമതി നൽകിയത്. കാശി ക്ഷേത്രം പൊളിച്ചാണോ മസ്ജിദ് നിർമിച്ചത് എന്നാണ് പരിശോധിക്കുന്നത്.

കോടതി വിധിക്കെതിരെ മുസ്‌ലിം സംഘടനകൾ രംഗത്തുവന്നിരുന്നു. വിധി 1991ലെ പ്ലെയ്‌സസ് ഓഫ് വർഷിപ്പ് നിയമത്തിന് എതിരാണ് എന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. 1947ൽ നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങൾ തൽസ്ഥിതി തുടരണം എന്നനുശാസിക്കുന്നതാണ് ഈ നിയമം.

Similar Posts