മുംബൈയിൽ പവാർ - പ്രശാന്ത് കിഷോർ കൂടിക്കാഴ്ച്ച: ലക്ഷ്യം പ്രതിപക്ഷ ഐക്യമെന്ന് സൂചന
|മൂന്ന് മണിക്കൂറോളമാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുൻപായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേതാക്കളുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ച്ചയെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. പവാറിന്‍റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച.
ബംഗാളിൽ മമത ബാനർജിയുടെയും, തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും, രണ്ടിടങ്ങളിലും മികച്ച വിജയം നേടുകയും ചെയ്തതിന് ശേഷം ആദ്യമായാണ് പ്രശാന്ത് മുംബൈയിൽ എത്തി ശരത് പവാറെ കണ്ടത്. എന്നാൽ കൂടിക്കാഴ്ച്ചയെ കുറിച്ച് സംസാരിക്കാൻ ശരദ് പവാറോ പ്രശാന്ത് കിഷോറോ തയ്യാറായില്ല. മൂന്ന് മണിക്കൂറോളമാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
മമത ബാനർജിയുടെയും എം.കെ സ്റ്റാലിന്റെയും വിജയത്തിനായി പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് - പവാർ കൂടിക്കാഴ്ച്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. കുടുതൽ നേതാക്കളെ ഇതിന്റെ ഭാഗമായി പ്രശാന്ത് കാണുമെന്നും അറിയിച്ചു. അതിനിടെ, ബംഗാളിന് പുറത്തേക്ക് മമത പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. പരസ്യപ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അത്തരം വാർത്തകൾ മമത നിഷേധിച്ചിരുന്നില്ല. പ്രശാന്ത് കിഷോറിന്റെ യാത്രയുടെ ലക്ഷ്യം ഇതാണോ എന്നും വ്യക്തമല്ല.