India
ഒന്നും പേടിക്കാനില്ല, കോവിഡ് മൂന്നാം തരംഗത്തെയും നേരിടാന്‍ യു.പി സജ്ജം: യോഗി ആദിത്യനാഥ്
India

'ഒന്നും പേടിക്കാനില്ല, കോവിഡ് മൂന്നാം തരംഗത്തെയും നേരിടാന്‍ യു.പി സജ്ജം': യോഗി ആദിത്യനാഥ്

Web Desk
|
17 May 2021 4:19 AM GMT

കോവിഡ് വിവരങ്ങള്‍ ഒന്നും മറച്ചുവെയ്ക്കുന്നില്ല. എല്ലാം സുതാര്യമാണെന്ന് യു.പി മുഖ്യമന്ത്രി

ഉത്തര്‍ പ്രദേശിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍ അത് നേരിടാനും യു.പി തയ്യാറാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

"ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ സംഘത്തെ അയച്ചിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റ് കിറ്റുകളും മരുന്ന് കിറ്റുകളും ഗ്രാമങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നും മറച്ചുവെയ്ക്കുന്നില്ല. എല്ലാം സുതാര്യമാണ്. പരിശോധനാ വിവരങ്ങളും രോഗമുക്തിയും മരണവും സര്‍ക്കാരിന്‍റെ കോവിഡ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്"- യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കോവിഡ് സാഹചര്യം കൈവിട്ടുപോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. ജാപ്പനീസ് എന്‍സഫലൈറ്റിസിനോട് പോരാടിയ യു.പിയിലെ ആരോഗ്യ സംവിധാനം കോവിഡ് മൂന്നാം തരംഗത്തോട് പൊരുതാനും സജ്ജമാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയരുത്- യുപിയോടും ബിഹാറിനോടും കേന്ദ്രം

കോവിഡ് സാഹചര്യം നിന്ത്രണവിധേയമാണെന്ന് യു.പി മുഖ്യമന്ത്രി പറയുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്ന് യുപി, ബിഹാര്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടത്. ഗംഗയില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും നദികളില്‍ കാണപ്പെടുന്നവ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പാക്കുകയും വേണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.

ഗംഗയിലും അതിന്റെ പോഷക നദികളിലും ഭാഗികമായി കത്തിയതോ അഴുകിയതോ ആയ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് ശരിയല്ല. ഭീതിജനകമായ സാഹചര്യമാണിത്. ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച് നദികളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ജലവിഭവ മന്ത്രാലയം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോട് ആവശ്യപ്പെടുകയും ചെയ്തു.

Similar Posts