India
ആവശ്യമില്ലാതെ ഹോണടിച്ചാല്‍ ആന പോലും ചെന്ന് രണ്ട് ചോദിക്കും: വൈറലായി ഒരു വീഡിയോ
India

ആവശ്യമില്ലാതെ ഹോണടിച്ചാല്‍ ആന പോലും ചെന്ന് രണ്ട് ചോദിക്കും: വൈറലായി ഒരു വീഡിയോ

Web Desk
|
19 May 2021 4:07 AM GMT

തുമ്പിക്കൈ കൊണ്ട് ട്രക്ക് ഡ്രൈവറെ വിന്‍ഡോഗ്ലാസിലൂടെ ചുഴറ്റിയെടുക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുന്നതും കാണാം.

കാടിനരികിലൂടെയുള്ള റോഡ്‍ യാത്രയില്‍ ഇരുവശങ്ങളിലും എഴുതിവെക്കാറുണ്ട്, വന്യമൃഗങ്ങളെ ഉപദ്രവിക്കരുത് എന്ന്. കാട് കയറി അവരെ ഉപദ്രവിക്കരുത് എന്നല്ല അതിനര്‍ഥം. അവ ചിലപ്പോള്‍ റോഡിലേക്ക് ഇറങ്ങി വന്നേക്കാം. അവര്‍ തിരിച്ച് പോകും വരെ അവരുടെ ജീവനും നമ്മുടെ ജീവനും അപകടമുണ്ടാക്കാത്തവിധത്തിലുള്ള ഒരു സൂക്ഷ്മത നമ്മള്‍ പാലിക്കണമെന്നതാണ് അത്തരം ബോര്‍ഡുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ വൈറലായിരിക്കുകയാണ്. അസമില്‍ നിന്നുള്ളതാണ് വീഡിയോ. കാര്യമില്ലാതെ ഹോണടിച്ച് വെറുപ്പിച്ച ഒരു ട്രക്ക് ഡ്രൈവറോട് രണ്ട് ചോദിക്കാന്‍ ചെന്ന ആനയാണ് വീഡിയോയിലെ താരം.

ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സന്‍സത്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററീലൂടെ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയില്‍ ഒരു ആന റോഡിലൂടെ നടന്നുവരുന്നതും, ഒരു ട്രക്ക് ആനയെ കണ്ട് ഹോണടിച്ച് നില്‍ക്കുന്നതും കാണാം. കലി പൂണ്ട ആന ട്രക്കിനടുത്തേക്ക് വന്ന് തന്‍റെ തലകൊണ്ട് ട്രക്കിന് ഇടിക്കുകയും, തുമ്പിക്കൈ കൊണ്ട് ട്രക്ക് ഡ്രൈവറെ വിന്‍ഡോഗ്ലാസിലൂടെ ചുഴറ്റിയെടുക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുന്നതും കാണാം. എന്തായാലും ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ശബ്ദം കേട്ടതോടെ ആന പിന്‍വാങ്ങി. തിരിച്ച് കാട് കയറിപ്പോകുന്നതും വീഡിയോയിലുണ്ട്.

എന്തുകൊണ്ടാണ് സൌമ്യനായ ഒരു വലിയ ജീവി തന്നേക്കാള്‍ വലിയ ഒരു വസ്തുവിനെ ആക്രമിക്കാനായി വരുന്നത് എന്ന് ചോദിച്ചാണ് സന്‍സത്ത് നന്ദ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അസമിലെ കാര്‍ബി ആംഗ്ലോഗ് ജില്ലയിലെ നാഷണല്‍ ഹൈവേ 39ലാണ് സംഭവം നടന്നത്.

ശരിക്കും ആ ട്രക്ക് ഡ്രൈവറെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ആന. ഹോണടിച്ച് പോലും തങ്ങളുടെ ശല്യം ചെയ്യരുത് എന്ന പാഠം. സുരക്ഷിതമായ അകലം പാലിക്കുക എല്ലായ്പ്പോഴുമെന്നും ദയവായി ഹോണ്‍ അടിക്കരുതെന്നും പറഞ്ഞാണ് സന്‍സത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ആന എന്താണ് ട്രക്ക് ഡ്രൈവറോട് പറഞ്ഞു കാണുക എന്നതിന് രസകരമായ കമന്‍റുകള്‍ നല്‍കി സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.

Similar Posts