'കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ പടം വെയ്ക്കൂ': എന്‍ഡിഎ സഖ്യകക്ഷി നേതാവ്
|ബിഹാറിലെ എൻഡിഎ സഖ്യകക്ഷി ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
കോവിഡ് വാക്‌സിന്‍ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എൻഡിഎ സഖ്യകക്ഷി ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിൻ റാം മാഞ്ചിയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
"വാക്സിൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ ഇടാൻ താൽപ്പര്യമുണ്ടെങ്കിൽ, മരണ സർട്ടിഫിക്കറ്റിലും ഫോട്ടോ ഇടണം. എങ്കിലേ ശരിയാകൂ"- എന്നാണ് ജിതൻ റാം മാഞ്ചിയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ മരണങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. എന്തിന് മറ്റുള്ളവര്‍ കോവിഡ് മരണങ്ങളുടെ പേരില്‍ പഴി കേള്‍ക്കണമെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാനും ചോദിച്ചു. മാഞ്ചിയുടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
കോവിഡ് വാക്സിന്‍ രണ്ടാം ഡോസും സ്വീകരിച്ച ശേഷം ഞായറാഴ്ച മാഞ്ചി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു- "കോവാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതോടെ എനിക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. അതില്‍ പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്. ഭരണഘടനാപരമായി രാഷ്ട്രപതിയാണ് തലവന്‍. അതിനാല്‍ രാഷ്ട്രപതിയുടെ ഫോട്ടോ നല്‍കുന്നതായിരുന്നു നല്ലത്. ഫോട്ടോ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്താമായിരുന്നു".
മാഞ്ചിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിഹാറിലെ ബിജെപി നേതാക്കള്‍ രംഗത്തത്തി- "വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ കണ്ട് അസ്വസ്ഥരാകുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. കുറഞ്ഞ കാലത്തിനുള്ളില്‍ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞത് മോദിയുടെ നേതൃത്വമുള്ളതുകൊണ്ടാണ്. അദ്ദേഹത്തിന്‍റെ ഫോട്ടോ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും"- എന്നാണ് ബിജെപി വക്താവ് പ്രേം രഞ്ജന്‍ പ്രതികരിച്ചത്.
വാക്സിന്‍ നല്‍കുന്നില്ല, പിന്നെന്തിന് ഫോട്ടോ?
ഛത്തിസ്ഗഢില്‍ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുകയുണ്ടായി. 18-44 പ്രായ പരിധിയില്‍പ്പെട്ടവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ചിത്രമാണുള്ളത്. കോവിന്‍ പോര്‍ട്ടലിന് പകരം സംസ്ഥാന സര്‍ക്കാരിന്‍റെ പോര്‍ട്ടലിലാണ് ഇപ്പോള്‍ വാക്സിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നടക്കുന്നത്. ഛത്തിസഗഢ് ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോ പറഞ്ഞതിങ്ങനെ- "ഇതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സൌജന്യമായി വാക്സിന്‍ നല്‍കിയപ്പോള്‍ അവര്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് വാക്സിന്‍ എത്തിക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി. വാക്സിന്‍ എത്തിക്കാനുള്ള സാമ്പത്തിക ഭാരം കേന്ദ്രം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് ഇട്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൂടെ? എന്തിന് പ്രധാനമന്ത്രിയുടെ ചിത്രം?"