India
ആ അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നു, അവര്‍ നന്ദി പറഞ്ഞത് ഹൃദയം നിറഞ്ഞ്
India

"ആ അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നു, അവര്‍ നന്ദി പറഞ്ഞത് ഹൃദയം നിറഞ്ഞ്"

Web Desk
|
20 April 2021 4:05 PM GMT

കണ്ണ് കാണാത്ത ആ അമ്മ കുഞ്ഞിനെ രക്ഷിക്കാന്‍ പ്ലാറ്റ്ഫോമിലിരുന്ന് ട്രാക്കിലേക്ക് കൈനീട്ടുന്നുണ്ടായിരുന്നു..

ട്രെയിനിന് മുന്നില്‍പ്പെട്ട ഒരു കുരുന്നിന്റെ ജീവന്‍, സ്വന്തം ജീവന്‍ അപകടത്തിലായേക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ രക്ഷിച്ച റെയില്‍വേ ജീവനക്കാരാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ താരം. മയൂര്‍ ഷെല്‍ക്കെ എന്ന ആ സൂപ്പര്‍ ഹീറോയെ റെയില്‍വെ മന്ത്രി അഭിനന്ദിച്ചു, റെയില്‍വേ ആദരിച്ചു. സംഭവത്തെ കുറിച്ച് മയൂര്‍ ഷെല്‍ക്കെ പറയുന്നതിങ്ങനെ-

'കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോള്‍ എന്റെ ജീവനും അപകടത്തിലാവുമല്ലോ എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവർ നന്ദി പറഞ്ഞത്'- മയൂർ പറഞ്ഞു.

മുംബൈയിലെ വാംഗനി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പ്ലാറ്റ്ഫോമിലേക്ക് വീണു. ഇതേ സമയത്ത് തന്നെ അതിവേഗം ഒരു ട്രെയിനും പാഞ്ഞുവരുന്നുണ്ടായിരുന്നു. കണ്ണ് കാണാത്ത ആ അമ്മ കുഞ്ഞിനെ രക്ഷിക്കാന്‍ പ്ലാറ്റ്ഫോമിലിരുന്ന് ട്രാക്കിലേക്ക് കൈനീട്ടുന്നുണ്ട്. പക്ഷേ അവര്‍ക്ക് കുഞ്ഞിനെ കാണാന്‍ കഴിയാത്തതിനാല്‍ നിസ്സഹായയായി നിലവിളിക്കാനേ കഴിഞ്ഞുള്ളൂ. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റുള്ളവരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു. ഇതേസമയം ട്രാക്കിലൂടെ പാഞ്ഞെത്തി മയൂര്‍ അതിസാഹസികമായി കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. ഈ ‌സമയം ട്രെയിൻ തൊട്ടടുത്തെത്തി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ മയൂര്‍ ഫ്ലാറ്റ്ഫോമിലേക്ക് ചാടിക്കയറി.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് എത്ര സാഹസികമായാണ് മയൂര്‍ ആ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചതെന്നത് ലോകം കണ്ടറിഞ്ഞത്. റെയില്‍വേ മന്ത്രിയും സഹപ്രവര്‍ത്തകരുമെല്ലാം മയൂറിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് പ്രശംസിച്ചു. മയൂറിനെ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആദരിച്ചു.

Similar Posts