അവരെ കൈവിടില്ല; കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് അഞ്ചു വർഷം ശമ്പളം നൽകുമെന്ന് റിലയൻസ്
|മരിച്ച ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും
മുംബൈ: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റിലയൻസ് ഇന്‍ഡസ്ട്രീസ്. മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് അഞ്ചു വർഷം ശമ്പളം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. തൊഴിലാളി അവസാനമായി വാങ്ങിയ ശമ്പളമാണ് നൽകുക.
വാർഷിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഈ കുടുംബങ്ങൾക്കായി റിലയൻസ് ഫാമിലി സപ്പോർട്ട് ആന്റ് വെൽഫെയർ സ്കീം എന്ന പേരിൽ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീ, ഇന്ത്യയിലെ ഹോസ്റ്റൽ താമസം, ബുക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക.
ജീവനക്കാരുടെ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്ക് ആരോഗ്യപരിരക്ഷയും പ്രഖ്യാപിച്ചു. കുട്ടികൾ ബിരുദപഠനം പൂർത്തിയാക്കുന്നതു വരെ പരിരക്ഷയുണ്ടാകും. ശാരീരികയമായും മാനസികമായും മുക്തമാകുന്നതുവരെ കോവിഡ് ബാധിച്ച ജീവനക്കാർക്ക് അവധിയുണ്ടാകുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.