ഗോവയില്‍ വിവാഹമോചനം കൂടുന്നു; വിവാഹപൂര്‍വ കൗൺസിലിങ് തുടങ്ങുമെന്ന് മന്ത്രി
|കൗൺസിലിങ് ക്ലാസ്സില്‍ പങ്കെടുത്ത് കഴിയുമ്പോള്‍ ദമ്പതികള്‍ക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി
ഗോവയില്‍ വിവാഹമോചനം വര്‍ധിച്ച സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് ഏര്‍പ്പെടുത്തുമെന്ന് നിയമമന്ത്രി നിലേഷ് കാബ്രൽ. വിവാഹം കഴിക്കാന്‍ പോകുന്ന ദമ്പതികള്‍ക്കായാണ് കൗൺസിലിങ് പ്രോഗ്രാം ആരംഭിക്കുകയെന്ന് മന്ത്രി പറഞ്ഞു.
വിവാഹം മോചന കേസുകള്‍ ആശങ്കാജനകമാം വിധം വര്‍ധിക്കുകയാണ്. വിവാഹം കഴിഞ്ഞ് 2-4 മാസത്തിനുള്ളില്‍ പോലും വേര്‍പിരിയുന്ന സംഭവങ്ങളുണ്ട്. ഓരോ 15 ദിവസത്തിലും കുറഞ്ഞത് 10-15 വിവാഹങ്ങൾ വരെ റദ്ദാക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷൻ വകുപ്പിന്റെ സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് വിവാഹപൂർവ കൗൺസിലിങ് പ്രോഗ്രാം കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
പരസ്പരമുള്ള കടമയെ കുറിച്ചും മക്കളോടും വീട്ടുകാരോടുമുള്ള കടമയെ കുറിച്ചും ദമ്പതികളോട് സംസാരിക്കാനാണ് ഉദ്ദേശിക്കുന്നത്. അര ദിവസത്തെ ക്ലാസ്സില്‍ പങ്കെടുത്ത് കഴിയുമ്പോള്‍ ദമ്പതികള്‍ക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഗോവയിലെ കത്തോലിക്കാ സമൂഹത്തില്‍ നേരത്തെ തന്നെ സഭയുടെ വക ദമ്പതികൾക്കായി വിവാഹപൂർവ കൗൺസിലിങ് നടത്തുന്നുണ്ട്. എന്നിരുന്നാലും സർക്കാരിന്റെ നേതൃത്വത്തില്‍ എല്ലാ മതക്കാര്‍ക്കും കൌണ്‍സിലിങ് നടത്തുകയാണ്. ഇത് ഗോവയില്‍ ആദ്യമാണ്. മറ്റ് സംസ്ഥാനങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നോക്കുന്നില്ല. ഗോവ സവിശേഷമായ സ്ഥലമാണന്നും മന്ത്രി പറഞ്ഞു.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. കൌണ്‍സിലര്‍മാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. പരസ്പരം മനസ്സിലാക്കാൻ ദമ്പതികളെ സഹായിക്കുകയാണ് ലക്ഷ്യം. ഒപ്പം ഇന്ത്യൻ സാഹചര്യങ്ങളിൽ കുടുംബത്തിന്റെ മൂല്യം എന്താണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കുമെന്ന് നോട്ടറി സർവീസസ് രജിസ്ട്രാർ അശുതോഷ് ആപ്തെ പറഞ്ഞു.