India
രാജ്യത്ത് കോവിഡ് വാക്സിനെടുത്തവരിൽ പാർശ്വ ഫലങ്ങൾ തീരെകുറവെന്ന് റിപ്പോർട്ട്
India

രാജ്യത്ത് കോവിഡ് വാക്സിനെടുത്തവരിൽ പാർശ്വ ഫലങ്ങൾ തീരെകുറവെന്ന് റിപ്പോർട്ട്

Web Desk
|
18 May 2021 4:47 AM GMT

കൊവാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദഗ്ധ സമിതി ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.

ഇന്ത്യയിൽ വാക്സിനെടുത്തവരിൽ രക്തസ്രാവം, രക്തം കട്ടപിടിക്കൽ എന്നീ പാർശ്വ ഫലങ്ങൾ വളരെ കുറവെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. കോവിഷീൽഡ് സ്വീകരിച്ച 26 പേരിൽ ഇത്തരം പാർശ്വഫലങ്ങളുണ്ടായി. കൊവാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമിതി ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.

ഗൗരവകരവും ഗുരുതരവുമായ 498 കേസുകൾ പഠനവിധേയമാക്കിയപ്പോൾ 26 എണ്ണത്തിൽ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യത കണ്ടെത്തിയതെന്നും സമിതി പറയുന്നു. എ.ഇ.എഫ്.ഐ.(അഡ്വേഴ്സ് ഇവന്റ്സ് ഫൊളോവിങ് ഇമ്യുണൈസേഷൻ) ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വാക്സിനേഷന് പിന്നാലെയുണ്ടാകുന്ന പ്രതികൂല സംഭവങ്ങളെ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സമിതിയാണ് എ.ഇ.എഫ്.ഐ.

ആസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ പല യൂറോപ്യൻ രാജ്യങ്ങളും പലപ്പോഴായി വാക്സിൻ ഉപയോഗം നിർത്തിവെച്ചിരുന്നു. ഇറ്റലി, ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്, അയർലൻഡ്, നോർവേ, ഐസ്ലാൻഡ്, കോംഗോ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളാണ് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് വാക്സിൻ വിതരണം ഇടക്ക് നിർത്തിവെച്ചിരുന്നത്.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്താൻ തീരുമാനിച്ചത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് സ്വീകരിച്ചവരിൽ 10 ലക്ഷം പേരിൽ 0.61 പേർക്കു മാത്രമാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായിട്ടുള്ളതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കുത്തിവെപ്പ് എടുത്തരിൽ രക്തം കട്ടപിടിക്കലുമായി ബന്ധപ്പെട്ട കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എ.ഇ.എഫ്.ഐ. കൂട്ടിച്ചേർത്തു.

Similar Posts