India
രണ്ട് തടിപ്പെട്ടികളിലായി പത്ത് ലക്ഷം രൂപ; മരണപ്പെട്ട യാചകന്റെ വീട് പരിശോധിച്ചവർ ഞെട്ടി
India

രണ്ട് തടിപ്പെട്ടികളിലായി പത്ത് ലക്ഷം രൂപ; മരണപ്പെട്ട യാചകന്റെ വീട് പരിശോധിച്ചവർ ഞെട്ടി

Web Desk
|
19 May 2021 5:03 AM GMT

നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഉൾപ്പടെയുള്ള നോട്ടുകൾ വീട്ടിലെ രണ്ട് തടിപ്പെട്ടികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ക്ഷേത്ര നഗരമെന്ന് അറിയപ്പെടുന്ന തിരുമലയിൽ മരണപ്പെട്ട യാചകന്റെ വീട്ടിൽ നിന്നും 10 ലക്ഷം രൂപ കണ്ടെത്തി. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഉൾപ്പടെയുള്ള നോട്ടുകൾ വീട്ടിലെ രണ്ട് തടിപ്പെട്ടികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം മരണപ്പെട്ട ശ്രീനിവാസാചാരി എന്നയാളുടെ വീട്ടിൽ നിന്നാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. തിരുമലയിൽ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹം അസുഖ ബാധിതനായി ആണ് കഴിഞ്ഞ വർഷം മരിച്ചത്. ബന്ധുക്കളോ മറ്റോ ഉള്ളതായും അറിവില്ല. 2007 മുതൽ തിരുമലയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു.

അദ്ദേഹം മരിച്ച് ഒരു വർഷത്തിന് ശേഷം ദേവസ്ഥാനം അനുവദിച്ച വീട് തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് തടിപെട്ടികൾക്കുള്ളിലായി ഇത്രയും പണം രഹസ്യമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വ്യത്യസ്ത മൂല്യങ്ങൾ വരുന്ന നോട്ടുകൾ വീടിനുള്ളിൽ സൂക്ഷിച്ച പെട്ടികളിൽ ഉണ്ടായിരുന്നു. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിൻറെയും ഉൾപ്പടെയുള്ള നോട്ടുകളും വീട്ടിൽ നിന്ന് കണ്ടെത്തി. തുക എണ്ണിതിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മരണപ്പെട്ട യാചകരിൽ നിന്നും വലിയ തുകകൾ കണ്ടെത്തുന്ന സംഭവം മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള തിരുപ്പതി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം. ആയിരക്കണക്കിന് ഭക്തർ ദിവസേന ദർശനത്തിന് എത്താറുള്ളതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകൾ എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നായാണ് ഇവിടം കണക്കാക്കപ്പെടുന്നത്.

Similar Posts