ബാബരി ഭൂമി തർക്കം പരിഹരിക്കുന്നതിനായി ഷാരൂഖ് ഖാന്റെ മധ്യസ്ഥത എസ്.എ.ബോബ്ഡെ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ
|ബാബരി തർക്കം പരിഹരിക്കുന്നതിനായി 2019 മാർച്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചിരുന്നു.
ബാബരി ഭൂമി തർക്കം പരിഹരിക്കുന്നതിനായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ മധ്യസ്ഥത വഹിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ.
ജസ്റ്റിസ് ബോബ്ഡെയുടെ വിരമിക്കൽ ചടങ്ങിനിടെ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ) പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ വികാസ് സിംഗാണ് വെളിപ്പെടുത്തൽ നടത്തിയത്. ബാബരി തർക്കം പരിഹരിക്കുന്നതിനായി 2019 മാർച്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചിരുന്നു.
ബാബരി വാദം കേൾക്കലിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നപ്പോൾ, മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന് ഉറച്ച നിലപാടായിരുന്നു ജസ്റ്റിസ് ബോബ്ഡെ. "വാദം കേൾക്കലിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നപ്പോൾ ഷാരൂഖ് ഖാന് സമിതിയുടെ ഭാഗമാകാൻ കഴിയുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഖാന്റെ കുടുംബവുമായുള്ള എന്റെ ബന്ധം അദ്ദേഹത്തിനറിയാമായിരുന്നു. ഞാൻ ഖാനുമായി ഇക്കാര്യം ചർച്ച ചെയ്തു, അദ്ദേഹം അത് ഏറ്റെടുക്കാൻ തയ്യാറായിരുന്നു. എന്നാൽ അതു നടക്കാതെ പോയി. മന്ദിരിന് മുസ്‍ലിംകളും മസ്ജിദിന് ഹിന്ദുക്കളും തറക്കല്ലിടണമെന്ന് വരെ ഷാറൂഖ് ഖാൻ പറഞ്ഞിരുന്നു."– ബോബ്ഡെയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ സിങ് പറഞ്ഞു.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഫ്.എം.ഐ കലിഫുല്ല, ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ടതായിരുന്നു മധ്യസ്ഥ സമിതി.