India
നിങ്ങളുദ്ദേശിച്ച ആളല്ല ഞാൻ, ഞാൻ സൽമാൻ ഖാനാണ്; സൽമാൻ ഖുർഷിദിനെ മാറി തന്നെ ടാഗ് ചെയ്തയാളെ തിരുത്തി സൽമാൻ റുഷ്ദി
India

നിങ്ങളുദ്ദേശിച്ച ആളല്ല ഞാൻ, ഞാൻ സൽമാൻ ഖാനാണ്; സൽമാൻ ഖുർഷിദിനെ മാറി തന്നെ ടാഗ് ചെയ്തയാളെ 'തിരുത്തി' സൽമാൻ റുഷ്ദി

Web Desk
|
22 May 2021 4:01 PM GMT

ട്വിറ്ററിൽ കൂട്ടച്ചിരി പടർത്തി ഒരു 'ടാഗു'ണ്ടാക്കിയ പുകിൽ

ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ചത് വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരൻ വില്യം ഷേക്‌സ്പിയറാണ്. എന്നാൽ, പേരിൽ പലതുമിരിക്കുന്നുണ്ടെന്ന് പലപ്പോഴായി പലരും തെളിയിച്ചതാണ്. ഇന്നിപ്പോൾ ട്വിറ്ററിൽ നടക്കുന്ന ചിരിപടർത്തുന്ന ഒരു ബഹളം കണ്ടാൽ ഷേക്‌സ്പിയർ പോലും ആദ്യം പറഞ്ഞ വാക്ക് പിൻവലിക്കും. ഒരു മുതിർന്ന ഇംഗ്ലീഷ് സാഹിത്യകാരനാണ് ഇന്ന് പേരുകൊണ്ടുള്ള പണി കിട്ടിയിരിക്കുന്നതെന്ന കൗതുകം കൂടിയുണ്ട് ഇതില്‍.

മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ഒരു ട്വീറ്റാണ് എല്ലാ പൊല്ലാപ്പുകൾക്കും തുടക്കമിട്ടത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ഫോട്ടോ ചേർത്തുവച്ചു ചെയ്ത ട്വീറ്റിലെ അടിക്കുറിപ്പാണ് സത്യത്തിൽ കോലോഹലങ്ങൾക്ക് തുടക്കമിട്ടതെങ്കിലും കാര്യങ്ങൾ അവിടന്നും കൈവിട്ടുപോയിരുന്നു. രാജീവ് ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ ചേർത്തുവച്ച് ജനാധിപത്യത്തിന്റെ ഭൂതകാലത്തെയും ഭാവിയിലെയും രാജാവ് എന്ന അടിക്കുറിപ്പാണ് സൽമാൻ ഖുർഷിദ് നൽകിയത്.

ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. കൂട്ടത്തിൽ 'ജനാധിപത്യ'ത്തെയും 'രാജാവി'നെയും ചേർത്തുവച്ച അടിക്കുറിപ്പാണ് ഒരു ട്വിറ്റർ ഉപയോക്താവിനെ ചൊടിപ്പിച്ചത്. ഉടൻ തന്നെ തൻരെ വിമർശനം അവർ രൂക്ഷമായ ഭാഷയിൽ പങ്കുവയ്ക്കുകയും ചെയ്തു; ഇത്തരം പാദേേസവകരിൽനിന്ന് ഇതൊക്കെ പ്രതീക്ഷിക്കുന്നതാണെന്നും പറഞ്ഞത്.

പക്ഷെ, ട്വീറ്റിൽ ടാഗ് ചെയ്ത ആൾ 'ചെറുതായിട്ട്' മാറിപ്പോയി. സൽമാൻ ഖുർഷിദിനു പകരം ബ്രിട്ടീഷ്-ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിയെയായിരുന്നു ടാഗ് ചെയ്തത്. എന്നിട്ടിങ്ങനെ എഴുതുകയും ചെയ്തു: സൽമാൻ റുഷ്ദിയെപ്പോലെയുള്ള ഒരു 'ചംച'(പാദസേവകരെ സൂചിപ്പിക്കാന്‍ ഹിന്ദിയില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ പ്രയോഗം) ജനാധിപത്യത്തെ നിർവചിക്കാൻ 'രാജാവ്' എന്ന പദമൊക്കെ ഉപയോഗിക്കുന്നത് പ്രതീക്ഷിച്ചതാണ്.

ട്വീറ്റിലെ അമളി ഒന്നുരണ്ടുപേർ പൊക്കിക്കൊണ്ടുവന്നതോടെ ആളുകൾ ഏറ്റെടുത്തു. പിന്നീട് ഇതിനെച്ചൊല്ലിയായി ട്വിറ്റർലോകത്തെ ചർച്ചയും പരിഹാസവുമെല്ലാം. എന്നാൽ, കാര്യങ്ങൾ അവിടംകൊണ്ടവസാനിച്ചില്ല. സാക്ഷാൽ സൽമാൻ റുഷ്ദി തന്നെ പ്രതികരണവുമായി രംഗത്തെത്തി. എന്നാൽ, ആ പ്രതികരണമാണെങ്കിലോ ആദ്യത്തേതിലും വലിയ കൂട്ടച്ചിരി പടർത്തി. നിങ്ങളുദ്ദേശിച്ച സൽമാനല്ല ഞാൻ, ഞാൻ സൽമാൻ ഖാനാണെന്നു 'തിരുത്തി'യ റുഷ്ദി ബോളിവുഡ് നടൻ സൽമാൻ ഖാനെ ടാഗ് ചെയ്യുകയായിരുന്നു! ഇതിലും വലിയ ട്രോൾ സ്വപ്‌നങ്ങളിൽ മാത്രം എന്ന തരത്തിലായിരുന്നു ഇതിനോട് ആളുകൾ പ്രതികരിച്ചത്. ഇനി യഥാർത്ഥ സൽമാൻ ഖാനും പുതിയ ട്രോളുകളുമായി വരുമോ എന്ന കാത്തിരിപ്പിലാണ് ട്വിറ്റർ ലോകം!

Similar Posts