ഓക്‌സിജൻ ക്ഷാമം: 'അഭ്യൂഹങ്ങൾ' പരത്തുന്നവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യോഗി
|സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്‌സിജൻ ക്ഷാമമില്ലെന്നാണ് യോഗി അവകാശപ്പെട്ടത്
ലഖ്‌നൗ: സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട 'അഭ്യൂഹങ്ങൾ' പരത്തുന്നവരുടെ സ്വത്ത് പിടിച്ചടക്കുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പങ്കുവയ്ക്കുന്നവർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കാൻ യോഗി പൊലീസിന് നിർദേശം നൽകി.
സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്‌സിജൻ ക്ഷാമമില്ലെന്നാണ് യോഗി അവകാശപ്പെട്ടത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് യഥാർത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരുമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യോഗി.
വ്യാജവാർത്തകൾ പരത്തി, അന്തരീക്ഷം മോശമാക്കുന്നവർക്കെതിരെ പൊതുസുരക്ഷാ-ഗുണ്ടാ നിയമപ്രകാരം കേസെടുക്കണം. ഇത്തരം ആളുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭയം ഉണ്ടാക്കുകയാണ്. മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെയും കരിഞ്ചന്തയ്ക്കു വിൽക്കുന്നവർക്ക് എതിരെയും ശക്തമായ നടപടിയുണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മാധ്യമപ്രവർത്തകർക്കെതിരെയും വാർത്തകൾ പങ്കുവയ്ക്കുന്നവർക്കെതിരെയും നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
സർക്കാറിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് ക്രമസമാധാന ചുമതയുള്ള എഡിജി പ്രശാന്ത് കുമാർ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇതുവരെ 42 പേർ അറസ്റ്റിലായതായും 239 ഓക്‌സിജൻ സിലിണ്ടറുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.