അറ്റകുറ്റപ്പണികൾ നടത്താൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് ഡൽഹി ജുമാമസ്ജിദ് ഇമാമിന്റെ കത്ത്
|വെള്ളിയാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും പള്ളിയുടെ തെക്കേ ഭാഗത്തെ മിനാരത്തിനു സാരമായ തകരാർ സംഭവിച്ചിരുന്നു
ചരിത്ര പ്രാധാന്യമുള്ള ഡൽഹി ജുമാമസ്ജിദിന്റെ അറ്റകുറ്റപ്പണി നടത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഷാഹി ഇമാമിന്റെ കത്ത്. വെള്ളിയാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും പള്ളിയുടെ തെക്കേ ഭാഗത്തെ മിനാരത്തിനു സാരമായ തകരാർ സംഭവിച്ചിരുന്നു. മിനാരങ്ങളുടെ കേടുപാടുകൾ തീർക്കേണ്ടതിന്റെ അനിവാര്യതയും ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി കത്തിൽ അറിയിച്ചു.
തെക്കേ മിനാരത്തിന്റെ ചുവന്ന കല്ലിൽ നിർമ്മിച്ച സ്ലാബ് കനത്ത മഴയിൽ തകർന്ന് വീണെന്ന് പള്ളിയിലെ ജീവനക്കാർ പറഞ്ഞു. " മിനാരത്തിൽ നിന്നും കല്ലുകൾ താഴേക്ക് വീണെങ്കിലും പൊതുജനത്തിന് ആരാധനക്കായി തുറന്നുകൊടുക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ കല്ലുകൾ വീണതിനാൽ മിനാരത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടം ഒഴിവാക്കാൻ എത്രയും പെട്ടെന്ന് തകരാറുകൾ പരിഹരിക്കണം. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഇതിനായി പള്ളിയിൽ പരിശോധന നടത്തുവാൻ നിർദേശിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്." - കത്തിൽ പറയുന്നു, മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ നിർമ്മിച്ച ജുമാമസ്ജിദിന്റെ സംരക്ഷണ ചുമതല ഡൽഹി വഖഫ് ബോർഡിനാണെങ്കിലും 1956 മുതൽ എ.എസ്.ഐ ആണ് അറ്റകുറ്റപ്പണികൾ നടത്തിവരുന്നത്.