India
പ്രിയങ്ക എന്റെ ട്വീറ്റ് കണ്ടു, രാഹുൽഗാന്ധിക്ക് കരുതിയ കോവിഡ് മരുന്ന് നൽകി: ഷാഹിദ് സിദ്ധീഖി
India

'പ്രിയങ്ക എന്റെ ട്വീറ്റ് കണ്ടു, രാഹുൽഗാന്ധിക്ക് കരുതിയ കോവിഡ് മരുന്ന് നൽകി': ഷാഹിദ് സിദ്ധീഖി

Web Desk
|
27 April 2021 2:17 AM GMT

പ്രിയങ്ക ഗാന്ധിയുടെ ഒരു ഇടപെടല്‍ വിവരിക്കുകയാണ് മുന്‍ എംപിയും നയദുനിയ ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററുമായ ഷാഹിദ് സിദ്ധീഖി.

കോവിഡിന്റെ അതിതീവ്ര വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. കോവിഡ് ചികിത്സയ്ക്കും മരുന്നിനുമെല്ലാം ക്ഷാമം നേരിടുന്നു. പലരും സഹായമഭ്യര്‍ത്ഥിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിടുന്നുണ്ട്. കോവിഡ് മരുന്ന് തേടിയും ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടുമൊക്കെയുള്ള ട്വീറ്റുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രവഹിക്കുന്നുമുണ്ട്. സന്നദ്ധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമെല്ലാം കഴിയുംവിധം സഹായത്തിനായി രംഗത്തുണ്ട്. അതില്‍ ശ്രദ്ധേയമായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകള്‍.

പ്രിയങ്ക ഗാന്ധിയുടെ ഒരു ഇടപെടല്‍ വിവരിക്കുകയാണ് മുന്‍ എംപിയും നയദുനിയ ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററുമായ ഷാഹിദ് സിദ്ധീഖി. തന്റെ ഭാര്യക്ക് വേണ്ടിയുള്ള റെംഡിസിവര്‍ മരുന്ന് പ്രിയങ്ക ഗാന്ധി തന്റെ ട്വീറ്റ് വായിച്ച് എത്തിച്ചുനല്‍കിയെന്നാണ് ഷാഹിദ് സിദ്ധീഖി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ മൂള്‍ചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യക്ക് റെംഡിസിവര്‍ മരുന്ന് ആവശ്യപ്പെട്ടുള്ള ഷാഹിദ് സിദ്ധീഖിയുടെ ട്വീറ്റ്. 'എല്ലാ വഴികളിലൂടെയും ശ്രമിക്കുന്നുണ്ട്, വന്‍ ക്ഷാമ മായതിനാല്‍ റെംഡിസിവര്‍ മരുന്ന് ലഭിക്കുന്നില്ലെന്ന' മറ്റൊരു ട്വീറ്റും തൊട്ടുപിന്നാലെ വന്നു. പിന്നാലെയാണ് തന്റെ ട്വീറ്റ് വായിച്ച് പ്രിയങ്ക ഗാന്ധി സഹായത്തിനെത്തിയ സംഭവം സിദ്ധീഖി വിവരിക്കുന്നത്.

'എന്റെ ട്വീറ്റ് വായിച്ച പ്രിയങ്ക ഗാന്ധി റെംഡിസിവര്‍ മരുന്ന് നല്‍കാന്‍ മുന്നോട്ടുവന്നു. കോവിഡ് ബാധിച്ച രാഹുല്‍ഗാന്ധിക്ക് കരുതിയതായിരുന്നു ആ മരുന്ന്. എന്നാല്‍ അദ്ദേഹത്തിനത് ആവശ്യം വന്നില്ല. പ്രിയങ്കയുടെ ഈ മനുഷ്യത്വ ഇടപെടലിനോട് എനിക്ക് നന്ദിയുണ്ട്. അതില്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കിലും എനിക്കത് പരസ്യമായി പറയണം'- എന്നായിരുന്നു സിദ്ധീഖിയുടെ ട്വീറ്റ്. ഏപ്രില്‍ 20നായിരുന്നു തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു.

പ്രിയങ്കാ ഗാന്ധി ഫോണിലൂടെ ആവശ്യപ്പെട്ടതിന് പിന്നിലെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് ടാങ്കറിൽ 16 ടൺ ഓക്സിജൻ അയച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ഇടപെടല്‍ വാര്‍ത്തായയിരുന്നു. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് അറിഞ്ഞതോടെയാണ് പ്രിയങ്ക വിഷയത്തിൽ ഇടപെടുന്നതും ഛത്തീസ്ഗഡിനോട് സഹായം ചോദിച്ചതും. ഇതിന് പിന്നാലെയാണ് അടിയന്തരമായി 16 ടൺ ഓക്സിജനുമായി ടാങ്കർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

Similar Posts