India
അല്‍പം വൈകിപ്പോയി: കങ്കണയുടെ ട്വിറ്റര്‍ വിലക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
India

'അല്‍പം വൈകിപ്പോയി': കങ്കണയുടെ ട്വിറ്റര്‍ വിലക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Web Desk
|
4 May 2021 10:03 AM GMT

ട്വിറ്ററിനും സി.ഇ.ഒ മാർക്ക് ഡോർസേക്കും ആശംസയർപ്പിച്ച് നിരവധി ട്വീറ്റുകൾ പ്രചരിച്ചപ്പോൾ, ട്വിറ്റര്‍ വിലക്കും ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി

കങ്കണ റണൗത്തിനെതിരായ ട്വിറ്റർ വിലക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ട്വിറ്ററിനും സി.ഇ.ഒ മാർക്ക് ഡോർസേക്കും ആശംസയർപ്പിച്ച് നിരവധി ട്വീറ്റുകൾ പ്രചരിച്ചപ്പോൾ, കങ്കണ റണൗട്ട് എന്ന ഹാഷ് ​ടാ​ഗ് തന്നെ ട്വിറ്റർ ട്രെൻഡിങ്ങിൽ മുന്നിലെത്തുകയായിരുന്നു.

ബം​ഗാൾ തെരഞ്ഞടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ തുടരെ വിദ്വേഷകരമായ ട്വീറ്റുകൾ ചെയ്തതിനാണ് നടപടിയുമായി ട്വിറ്റർ രം​ഗത്തെത്തിയത്. തുടർച്ചയായി ട്വിറ്റർ നിയമാവലികൾ തെറ്റിച്ച കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ സ്ഥിരമായി പൂട്ടുകയായിരുന്നു. അക്കൗണ്ട് പൂട്ടിക്കൽ ട്രോളൻമാരും ആഘോഷമാക്കി.

കോവിഡ് ഭീഷണിയെ മറികടക്കാൻ സാധിച്ചില്ലെങ്കിലും, രണ്ട് ദിവസങ്ങളിലായി രണ്ട് വൈറസുകളെ നീക്കം ചെയ്യാനായി, ഒന്ന് ബം​ഗാളിലും മറ്റേത് ട്വിറ്ററിലും എന്നാണൊരാൾ ഇതിനോട് പ്രതികരിച്ചത്. ട്വിറ്റർ യുക്തിപൂർവവും, സംസ്കാര സമ്പന്നവുമായി മാറുമെന്ന് കമന്റിട്ടവരുമുണ്ട്. സം​ഗതി അൽപം വൈകിപ്പോയി എന്ന അഭിപ്രായവുമായി എത്തിയവരുമുണ്ട്.

കങ്കണ - ഹൃത്വിക് റോഷൻ വിവാദത്തെ ഓർമിപ്പിച്ചുകൊണ്ട്, ഇരുവരും കഥാപാത്രങ്ങളായി വന്ന ട്രോളുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പുറമെ, സോഷ്യൽ മീഡിയയിൽ കങ്കണ പലപ്പോഴായി കൊമ്പുകോർത്ത് മാധ്യമശ്രദ്ധ നേടിയ ശിവസേന, ദിൽജീത് സിങ് എന്നിവരുമായുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വിവാദ പരാമർശങ്ങൾകൊണ്ട് വിവാദ നായികയായിട്ടുണ്ട് കങ്കണ റാണൗട്ട്. പലപ്പോഴായി തീവ്ര ഹിന്ദുത്വ പോസ്റ്റുകളുമായെത്തുന്ന, വ്യാജ വാർത്തകളും, വിദ്വേഷ പരാമർശങ്ങളും അടിക്കടി പങ്കുവെക്കാറുണ്ടായിരുന്നു.

ബം​ഗാൾ തെരഞ്ഞെടുപ്പിനെ തുടർന്ന് അത്യന്തം തീവ്ര വിദ്വേഷ പോസ്റ്റുകളായിരുന്നു കങ്കണ ഷെയർ ചെയ്തത്. മമത ബം​ഗാളിനെ മറ്റൊരു കശ്മീരാക്കി മാറ്റിയെന്ന് കുറിച്ച കങ്കണ, രണ്ടായിരത്തിന്റെ തുടക്കത്തിൽ ചെയ്ത പോലെ കടിഞ്ഞാണില്ലാത്ത രാക്ഷസിയായ മമതയെ മെരുക്കിയെടുക്കാൻ മോദി വീണ്ടും അവതാരമെടുക്കൂ എന്നും ആവശ്യപ്പെടുന്നുണ്ട്. ​ഗുജറാത്ത് വംശഹത്യയെ പരോക്ഷമായി മഹത്വവത്കരിക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ, കൂട്ടക്കൊലയിലെ നായകനായി മോദിയെ ചിത്രീകരിക്കുന്നതുമായിരുന്നു. ഒരു സൂപ്പര്‍ ഗുണ്ടക്കേ മറ്റൊരു ഗുണ്ടയെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു എന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

Similar Posts