കോവിഡില്‍ സർക്കാരുകള്‍ ഉണർന്നെഴുന്നേറ്റ് ഉത്തരവാദിത്തം നിറവേറ്റണമെന്ന് സോണിയ
|എല്ലാവർക്കും സൗജന്യ വാക്സീൻ നൽകി ജനങ്ങളെ സംരക്ഷിക്കണം. ജീവന്‍രക്ഷാ മരുന്നുകൾ കരിഞ്ചന്തയിലെത്തുന്നതു തടയണം. ലക്ഷക്കണക്കിനു പേരെയാണ് ഓരോ ദിവസവും കോവിഡ് ബാധിക്കുന്നത്. ലക്ഷങ്ങൾ മരിച്ചു. എല്ലാവരും പരസ്പരം പിന്തുണയ്ക്കണം
കോവിഡ് വ്യാപനം തടയാൻ രാജ്യവ്യാപകമായി തന്ത്രങ്ങൾ നടപ്പാക്കണമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇതിനായി രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തണം. കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ഉണർന്നെഴുന്നേറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും സോണിയ ഗാന്ധി വിഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം ചെറുക്കുന്നതിന് ദേശീയതലത്തില്‍ കര്‍മ്മപദ്ധതി ആരംഭിക്കണമെന്നും സോണിയ ആവിശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം.
എല്ലാവർക്കും സൗജന്യ വാക്സീൻ നൽകി ജനങ്ങളെ സംരക്ഷിക്കണം. ജീവന്‍രക്ഷാ മരുന്നുകൾ കരിഞ്ചന്തയിലെത്തുന്നതു തടയണം. ലക്ഷക്കണക്കിനു പേരെയാണ് ഓരോ ദിവസവും കോവിഡ് ബാധിക്കുന്നത്. ലക്ഷങ്ങൾ മരിച്ചു. എല്ലാവരും പരസ്പരം പിന്തുണയ്ക്കണം. മരുന്നുകൾക്കും ഓക്സിജനും വേണ്ടി സംസ്ഥാനങ്ങൾ തീവ്രശ്രമത്തിലാണ്. ഒട്ടേറെ ബുദ്ധിമുട്ടുകൾ നമ്മുടെ രാജ്യം മറികടന്നിട്ടുണ്ട്. ഈ പോരാട്ടത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും– സോണിയ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണ്, അവരുടെ യാത്ര തടയുകയും, കൊവിഡ് വ്യാപനം കുറയുന്നത് വരെ ബാങ്ക് അക്കൌണ്ടില്‍ കുറഞ്ഞത് 6000 രൂപയെങ്കിലും നിക്ഷേപിക്കണമെന്നും സോണിയ പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിന്‍ നല്‍കണം. രാജ്യവ്യാപകമായി കൊവിഡ് പരിശോധന വർദ്ധിപ്പിക്കുകയും ഓക്സിജനും മറ്റ് അവശ്യവസ്തുക്കളും യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരിക്കുകയും വേണം- സോണിയ ആവശ്യപ്പെട്ടു.
സ്വന്തം ജീവന്‍ അപകത്തിലാകുന്ന സാഹചര്യത്തിലും കൊവിഡ് രോഗികളെ പരിചരിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.