തമിഴ്നാട്ടില്‍ മേയ് 10 മുതല്‍ 24 വരെ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍
|മെയ് 10 മുതൽ പച്ചക്കറി, ഇറച്ചി, ഫിഷ് ഷോപ്പുകൾ, താൽക്കാലിക സ്റ്റോറുകൾ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ
കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. മേയ് 10 മുതല്‍ 24 വരെ സംസ്ഥാനത്ത് ലോക്ഡൌണ്‍ ഏര്‍പ്പെടുത്തി. 14 ദിവസത്തേക്കാണ് നിയന്ത്രണം.
കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാലാണ് അടച്ചുപൂട്ടൽ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച അധികാരമേറ്റെടുത്തതിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് ലോക്ഡൌണ്‍.
മെയ് 10 മുതൽ പച്ചക്കറി, ഇറച്ചി, ഫിഷ് ഷോപ്പുകൾ, താൽക്കാലിക സ്റ്റോറുകൾ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ബാക്കി ഷോപ്പുകള്‍ അടഞ്ഞുകിടക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളും തുറക്കില്ല. റസ്റ്റോറന്‍റുകളില്‍ ഹോം ഡെലിവറി, പാഴ്സല്‍ സംവിധാനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പെട്രോള്‍ പമ്പുകള്‍ തുറക്കും. എന്നാല്‍ ലോക്ഡൌണിന് മുന്‍പുള്ള ശനി,ഞായര്‍ ദിവസങ്ങളില്‍ എല്ലാ ഷോപ്പുകളും രാവിലെ 6 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. ലോക്ഡൌണിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനാണിത്.
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.