തമിഴ്‌നാട് വികസന ആസൂത്രണ സമിതിയിൽ ട്രാൻസ്‌ജെൻഡർ നർത്തകിയും
|രാജ്യത്ത് ഒരു സംസ്ഥാന വികസന ആസൂത്രണ സമിതിയുടെ ഭാഗമാകുന്ന ആദ്യ ഭിന്നലിംഗക്കാരികൂടിയാണ് ഭരതനാട്യം കലാകാരിയായ നര്‍ത്തകി നടരാജ്
ഭിന്നലിംഗക്കാരിയായ നർത്തകി നടരാജിനെയും വ്യവസായി മല്ലിക ശ്രീനിവാസനെയും ഉൾപ്പെടുത്തി തമിഴ്‌നാട് വികസന ആസൂത്രണ സമിതി പുനസംഘടിപ്പിച്ചു. സംസ്ഥാന വികസനനയ സമിതിയിൽ(എസ്ഡിപിസി) ആണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുതുമുഖങ്ങളെ അവതരിപ്പിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനത്തെ വികസന ആസൂത്രണ സമിതിയിൽ ഭിന്നലിംഗത്തിൽപെട്ട ഒരാൾ ഇടംപിടിക്കുന്നത്.
2019ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച പ്രശസ്ത ഭരതനാട്യം കലാകാരിയാണ് നർത്തകി നടരാജ്. പദ്മശ്രീ ലഭിക്കുന്ന ആദ്യത്തെ ഭിന്നലിംഗ വിഭാഗത്തിൽപെട്ടയാളുമാണ് ഇവർ. സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും കടുത്ത വിവേചനം നേരിട്ട നർത്തകി സ്വയം പ്രയത്‌നം കൊണ്ടാണ് രാജ്യത്തെ നാലാമത്തെ വലിയ ബഹുമതി നേരുന്ന തരത്തിലേക്ക് വളർന്നത്. ഇവരുടെ ജീവിത പോരാട്ടത്തിന്റെ കഥ തമിഴ്‌നാട്ടിലെ പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റാലിനാണ് സമിതിയുടെ അദ്യക്ഷൻ. സാമ്പത്തിക വിദഗ്ധൻ ജെ ജയരഞ്ജനാണ് വൈസ് ചെയർമാൻ. നർത്തകിക്കും മല്ലിക ശ്രീനിവാസനും പുറമെ മന്നാർഗുഡിയിലെ ഡിഎംകെ എംഎൽഎ ടിആർബി രാജായെയും പുതുതായി സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിലെ എക്‌ണോമെട്രിക്‌സ് വിഭാഗത്തിലെ പ്രൊഫസർ ആർ ശ്രീനിവാസനെ കൗൺസിൽ സ്ഥിരാംഗമായി തിരഞ്ഞെടുത്തു. പ്രൊഫസർമാരായ എം വിജയഭാസ്‌കർ, സുൽത്താൻ അഹ്‌മദ് ഇസ്മായീൽ, മുൻ ഐഎഎസ് ഓഫീസർ എം ദീനബന്ധു തുടങ്ങിയവർ പാർട് ടൈം അംഗങ്ങളുമാണ്.